അഞ്ചാലുംമൂട് : സാമ്പ്രാണികോടി വിനോദസഞ്ചാര തുരുത്തിൽ വള്ളങ്ങൾ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്നുവെന്ന അഷ്ടമുടി ലൈവ് വാർത്തയിൽ ശക്തമായ നടപടികൾ സ്വീകരിച്ച് കൊല്ലം ജില്ലാ കനാൽ ഓഫീസർ സി.ആർ. ബൈജു. ലൈഫ് ജാക്കറ്റുകൾ ഇല്ലാതെ, അമിതയാത്രക്കാരുമായി യാത്ര ചെയ്യുന്ന യാനങ്ങൾ നിരീക്ഷണത്തിൽ പെട്ടതായും അടിയന്തിരമായി ഇത്തരം വള്ളങ്ങൾ സർവ്വീസ് നിർത്തണമെന്നും അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉത്തരവിൽ വ്യക്തമാക്കി.
അഞ്ചാലുംമൂട് - ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാർ ഉത്തരവ് നടപ്പിലാക്കുന്നത് ഉറപ്പു വരുത്തണമെന്നും തെറ്റായ പ്രവണത തുടരുന്ന പക്ഷം വള്ളങ്ങൾ പിടിച്ചെടുത്ത് സൂക്ഷിക്കാനും ഉത്തരവിൽ പറയുന്നു. അഷ്ടമുടി ലൈവ് ന്യൂസിൻ്റെ വാർത്ത സംബന്ധിച്ച് പ്രത്യേകം സൂചിപ്പിച്ചുകൊണ്ടാണ് ഉത്തരവ്.
ഡിടിപിടി ഇതുമായി ബന്ധപ്പെട്ട ദൈനംദിന റിപ്പോർട്ട് കനാൽ ഓഫീസിലേക്ക് നൽകേണ്ടതാണെന്നും നിർദ്ദേശം പാലിക്കാതെ അനധികൃത സർവീസായി കാണുന്ന ചെറുവഞ്ചികൾക്ക് കനാൽ റൂൾസ് പ്രകാരം ലൈസൻസ് റദ്ദാക്കുന്നതായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. തുരുത്തിലേക്ക് സർവീസ് നടത്തുന്ന ബോട്ടുകൾക്ക് ടിക്കറ്റ് നൽകുന്നതിന് മുൻപ് തന്നെ സാമ്പ്രാണിക്കോടി തുരുത്തിൽ നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് ചെറുവള്ളങ്ങളിലെ യാത്ര നിരോധിച്ചതായി ബോട്ട് അധികൃതരും ടെർമിനൽ ചുമതലയുള്ളവരും സഞ്ചാരികളെ ബോധ്യപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
0 Comments