banner

വീണ്ടും ചോദ്യമുനയിൽ നിർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ഞാനാണ് മധ്യസ്ഥനെന്ന പൊള്ളവാദം ആവർത്തിച്ച് ട്രംപ്


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടർന്നെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ആ​ഗ്രഹിക്കുന്നത് ലോകത്തിന്റെ സമാധാനമാണെന്നും ട്രംപ് പറഞ്ഞു. സൗദി സന്ദർശനത്തിനിടെയാണ് ഇന്ത്യാ-പാക് വെടിനിർത്തൽ സാധ്യമാക്കിയത് താനാണെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചത്.

അതേസമയം, നേരത്തേ തന്നെ ട്രംപിന്റെ ഈ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. സൗദി – അമേരിക്ക നിക്ഷേപ ഫോറത്തിൽ സംസാരിക്കവെയാണ് ഇന്ത്യാ -പാക് സംഘർഷം അവസാനിപ്പിച്ചത് തന്റെ ഇടപെലിനെ തുടർന്നാണെന്ന് ട്രംപ് ആവർത്തിച്ചത്. ലോകത്ത് സമാധാനമാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ട്രംപ്, ഇതിനുള്ള മധ്യസ്ഥ ശ്രമങ്ങൾ തന്റെ ഭാഗത്ത് നിന്ന് വീണ്ടും ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

സൗദി കിരീടാവകാശിയെ വാനോളം പുകഴ്ത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം തുടങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഠിനാധ്വാനിയെന്ന് യു.എസ് പ്രസിഡൻ്റ് പറഞ്ഞു. സിറിയക്കെതിരെയുള്ള ഉപരോധം പിൻവലിക്കും. ഇറാൻ അവരുടെ കൃഷിയിടങ്ങൾ മരുഭൂമികളാക്കി മാറ്റിയെന്നും സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം സ്വന്തം രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലാണ് ഇറാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഇന്ത്യാ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റിന്റെ വാദം ഇന്ത്യ വീണ്ടും തള്ളിയിരുന്നു. വെടിനിർത്തലിൽ മധ്യസ്ഥ ചർച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷൻ സിന്ദൂറിൽ അമേരിക്കയുമായി ചർച്ച നടത്തിയെങ്കിലും വ്യാപാരം ഉൾപ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.

കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ് പാകിസ്ഥാൻ സൈനിക നീക്കം നിർത്തിയത്. രണ്ടു രാജ്യങ്ങളിലെയും സൈനിക ഡിജിഎംഒമാർ തമ്മിൽ മാത്രമാണ് ചർച്ച നടന്നത്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവും. എന്നാൽആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല. അമേരിക്ക നടത്തിയ സംഭാഷണത്തിൽ വ്യാപാരം ചർച്ചയായിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

Post a Comment

0 Comments