അഞ്ചാലുംമൂട് : ജില്ലാ പഞ്ചായത്തിന് കീഴിലുള്ള അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബഹുനില കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ജൂൺ 12-ന് ഉദ്ഘാടനം നടത്തിയെങ്കിലും കുട്ടികളെ കയറ്റാനായില്ല. തൃക്കരുവ ഗ്രാമപഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റും കെട്ടിട നമ്പറും അനുവദിക്കാത്തതിനാലാണ് കുട്ടികളെ പുതിയ കെട്ടിടത്തിൽ പ്രവേശിപ്പിക്കാനാകാതെ സ്കൂൾ അധികൃതർ പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിനാൽ പഴയ കെട്ടിടത്തിൽ തന്നെയാണ് നിലവിൽ വിദ്യാർഥികളെ ഇരുത്തി പഠിപ്പിക്കുന്നത്.
1961-ൽ യു.പി. സ്കൂളായി തുടങ്ങി, 1980-ൽ ഹൈസ്കൂളായും 2004-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ട അഷ്ടമുടി സ്കൂളിന്റെ പഴയ കെട്ടിടം ശോചനീയാവസ്ഥയിലായിരുന്നു. സ്കൂൾ അധികൃതരുടെയും ജനപ്രതിനിധികളുടെയും നിവേദനങ്ങളെ തുടർന്ന് എം. മുകേഷ് എം.എൽ.എ.യുടെ ശ്രമഫലമായി സംസ്ഥാന സർക്കാരിന്റെ അടിസ്ഥാന വികസന ഫണ്ടിൽനിന്ന് 2 കോടി രൂപ ഉപയോഗിച്ച് എട്ട് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള ബഹുനില കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ, സ്കൂൾ അധികൃതർ നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഗ്രാമപഞ്ചായത്ത് പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റോ കെട്ടിട നമ്പറോ അനുവദിക്കാൻ തയ്യാറായിട്ടില്ല. അവസാനമായി ഈ മാസം 23നും സെക്രട്ടറിയെ സമീപിച്ച് കത്തു നൽകിയിരുന്നു. എന്നിട്ടും നാളിതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നാണ് സ്കൂളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടന ചടങ്ങ് സി.പി.എം. പാർട്ടി പരിപാടിപോലെ സംഘടിപ്പിച്ചുവെന്നും, തൃക്കരുവ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനെയും അവഗണിച്ചുവെന്നും ആരോപിച്ച് തൃക്കരുവ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി പരിപാടി ബഹിഷ്കരിച്ചിരുന്നു. ഈ രാഷ്ട്രീയ വിവാദമാണ് യുഡിഎഫ് നേതൃത്വം നൽകുന്ന തൃക്കരുവ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഫിറ്റ്നസ് സർട്ടിഫിക്കറ്റും കെട്ടിടനമ്പരും അനുവദിക്കുന്നതിന് കാര്യമായി ഇടപെടാത്തതിന് പിന്നിലെന്ന് ആരോപണമുണ്ട്. വിദ്യാർഥികളുടെ സുരക്ഷയും പഠനനിലവാരവും ഉറപ്പാക്കാൻ പുതിയ കെട്ടിടം ഉപയോഗിക്കുന്നതിന് അടിയന്തര നടപടി വേണമെന്നാണ് രക്ഷിതാക്കൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.
0 Comments