![]() |
പ്രസിദ്ധ കഥക് നർത്തകി സംഗീത ദസ്തിധറിനെ തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ കലാകാരിയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു |
അഞ്ചാലുംമൂട് : കഥക് നൃത്തത്തിന്റെ സൗന്ദര്യവും പാരമ്പര്യവും കുട്ടികൾക്ക് പരിചയപ്പെടുത്തി പ്രസിദ്ധ കഥക് നർത്തകി സംഗീത ദസ്തിധർ. സ്പിക്മാകെ പരിപാടിയുടെ ഭാഗമായി തൃക്കരുവ പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ നടന്ന കഥക് ശിൽപ്പശാലയും നൃത്താവതരണവും അധ്യാപകർക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായപ്പോൾ നാലാം ക്ലാസിലെ പരിസരപഠന പാഠപുസ്തകത്തിൽ വായിച്ച കഥക് നൃത്തം കൺമുന്നിൽ അവതരിപ്പിക്കപ്പെട്ടത് വിദ്യാർഥികൾക്ക് ആവേശം പകർന്നു.
‘കഥ’ എന്ന വാക്കിൽനിന്ന് ഉരുത്തിരിഞ്ഞ കഥക്, ശ്രീകൃഷ്ണന്റെയും രാധയുടെയും ലീലകൾ അവതരിപ്പിക്കുന്ന രാസലീലയും നാടോടി നൃത്ത മുദ്രകളും സമന്വയിപ്പിച്ചാണ് രൂപപ്പെട്ടത്. ഗണേശസ്തുതിയോടെ ആരംഭിക്കുന്ന കഥക് നൃത്തത്തിൽ, “ആമദ്” (വന്ദനം) എന്ന ചടങ്ങോടെ നർത്തകർ വേദിയിൽ പ്രവേശിക്കുന്നു. ഓരോ കാലിലും നൂറ്റിപ്പത്ത് ചിലങ്കകൾ കോർത്തുകെട്ടി, ഒരു കിലോയിലധികം ഭാരമുള്ള കണങ്കാലുകളുമായാണ് നൃത്തം അവതരിപ്പിക്കുന്നത്.
![]() |
സംഗീത ദസ്തിധർ കഥക് നൃത്ത അവതരണത്തിനിടെ. |
ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റും സിസിആർടി സ്കോളർഷിപ്പ് ജേതാവുമായ സംഗീത ദസ്തിധർ, പത്മഭൂഷൺ പണ്ഡിറ്റ് ബിർജു മഹാരാജിന്റെ മൂത്ത മകൻ പണ്ഡിറ്റ് ജയ്കിഷൻ മഹാരാജിന്റെ ശിഷ്യയാണ്. ബനാറസ് സർവകലാശാലയിൽനിന്ന് കഥകിൽ എം.എ. ബിരുദം നേടിയ സംഗീത, താജ് മഹോത്സവം, ഡൽഹി കഥക് മഹോത്സവം, കഥക് അഞ്ജലി തുടങ്ങിയ നൃത്തോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ കലാകാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് ആൻഡേഴ്സൺ വിദ്യാലയത്തിന്റെ ഉപഹാരം സമ്മാനിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കണ്ണൻ ഷൺമുഖം, സ്പിക് മാകെ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഉണ്ണി മലപ്പുറം, സ്റ്റാഫ് സെക്രട്ടറി മിനി ജെ എന്നിവർ സംസാരിച്ചു. കഥകിന്റെ പാരമ്പര്യവും സൗന്ദര്യവും ഉൾക്കാഴ്ചയോടെ ആസ്വദിക്കാൻ കുട്ടികൾക്ക് പ്രചോദനം നൽകിയ ശിൽപ്പശാല, സാംസ്കാരിക അവബോധം വളർത്തുന്നതിന് സഹായകമായി.
0 Comments