പെരുമൺ : കൊല്ലം-എറണാകുളം റെയിൽവേ പാതയിലെ പെരുമൺ ഗേറ്റ് പത്ത് മിനിറ്റിന്റെ ഇടവേളകളിൽ അടയ്ക്കുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. ഇത് വഴി കടന്നു പോകുന്ന ഇരട്ട പാളങ്ങളിൽ എറണാകുളം-കൊല്ലം ഭാഗത്തിന് അടിപ്പാത ഉണ്ടെങ്കിലും, കൊല്ലം-എറണാകുളം ദിശയിലേക്ക് ട്രെയിൻ കടന്നുപോകുമ്പോൾ പെരുമൺ റെയിൽവേ ഗേറ്റ് അടയ്ക്കുന്നതാണ് നാട്ടുകാരെ വലയ്ക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ട്രെയിൻ കടന്നുപോകുന്നതിനാൽ തുടർച്ചയായി ഗേറ്റ് അടയ്ക്കേണ്ട സ്ഥിതിയുണ്ട്. ഇത് മൂലം ദിനേന വലിയ ഗതാഗതക്കുരുക്കാണ് ഇവിടെയുണ്ടാകുന്നത്. ഗേറ്റിന്റെ ഇരുവശത്തും റോഡിന്റെ വീതി കുറവായതിനാൽ എതിർദിശയിൽ നിന്നുള്ള ബസ് പോലെയുള്ള വലിയ വാഹനങ്ങൾക്ക് ഒരുമിച്ച് കടന്നുപോകാനാകാത്ത സ്ഥിതിയാണ്.
നിലവിൽ പെരുമൺ-മൺറോത്തുരുത്ത് പാലം നിർമ്മാണം നടക്കുകയാണ്. കണ്ണങ്കാട്ട് പാലം കൂടി സജ്ജമാകുന്നതോടെ ഇത് വഴിയുള്ള വാഹന ഗതാഗതം ഇരട്ടിയാകുമെന്നതിനാൽ പ്രശ്നം രൂക്ഷമാകുമെന്നാണ് യാത്രക്കാരുടെ ആശങ്ക. പരിഹാരമായി റെയിൽവേ പാതയ്ക്ക് കിഴക്കുവശത്ത് പുതിയ റോഡ് നിർമിക്കുകയെന്നതാണ് പോംവഴി. ഈ റോഡ് തരിയൻമുക്ക് മേൽപ്പാലവുമായി ബന്ധിപ്പിക്കണമെന്നും, ഇത് അഞ്ചാലുംമൂട്, പെരിനാട് പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പെരുമൺ പാലത്തിലേക്ക് എളുപ്പം എത്താൻ സഹായിക്കുമെന്നും നാട്ടുകാർ പറയുന്നു. റെയിൽവേ അധികൃതർക്ക് ഇതുസംബന്ധിച്ച് നാട്ടുകാരിൽ ചിലർ ഇതിനോടകം നിവേദനം നൽകിയിട്ടുണ്ട്.
0 Comments