കൊട്ടാരക്കര : ടിക്കറ്റ് നമ്പർ തിരുത്തി കാൻസർ രോഗിയായ ലോട്ടറി ഏജന്റിൽ നിന്നു പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പിന്തുടർന്ന് പിടികൂടി കൊട്ടാരക്കര പൊലീസ് കൺട്രോൾ റൂം ടീം.
കോട്ടയം അതിരമ്പുഴ കളപ്പുറത്തട്ടേൽ വീട്ടിൽ ഷിജോ ജോസഫ്(51) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് പിടിയിലായത്.
ഇയാൾ കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൺട്രോൾ റൂം എസ്ഐ ആർ.അനിലും സിവിൽ പൊലീസ് ഓഫിസർ ബിനിൽ മോഹനും അവിടെയെത്തി. അപ്പോഴേക്കും ഷിജോ കെഎസ്ആർടിസി ബസിൽ പത്തനാപുരത്തേക്ക് പോയി.
ബസിനെ പിന്തുടർന്ന് കുരയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഒരാഴ്ച മുൻപാണ് സംഭവം. 200 രൂപ വീതം സമ്മാനം നേടാൻ 12 ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകളാണ് തിരുത്തിയത്. 2400 രൂപ ഏജന്റിൽ നിന്നും തട്ടിയെടുത്തു.
എഴുകോൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.പ്രതിയെ എഴുകോൺ പൊലീസിന് കൈമാറി.ഒട്ടേറെ ലോട്ടറി തട്ടിപ്പ് കേസിലെ പ്രതിയാണ് ഷിജോ എന്ന് പൊലീസ് പറയുന്നു
0 Comments