![]() |
നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ-പേഴുംതുരുത്ത് പാലം (ചിത്രം : ബിനു കരുണാകരൻ) |
കൊല്ലം : പണികൾ പൂർണ്ണമായും നിലച്ച പെരുമൺ-പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനം. എം. മുകേഷ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ഫണ്ടിംഗ് ഏജൻസിയായ കിഫ്ബി, നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി, കരാർ കമ്പനി എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് കഴിഞ്ഞ രണ്ട് മാസമായി മുടങ്ങിക്കിടക്കുന്ന പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങാൻ ധാരണയുണ്ടായത്.
പാലത്തിന്റെ മധ്യഭാഗത്തെ സ്പാനിന്റെ പുതുക്കിയ ഡിസൈൻ അടിസ്ഥാനമാക്കി എസ്റ്റിമേറ്റ് പരിഷ്കരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് നിർമ്മാണം നിലയ്ക്കാൻ കാരണം. കരാർ കമ്പനി ആവശ്യപ്പെട്ട എസ്റ്റിമേറ്റ് പരിഷ്കരണം പരിഗണിക്കാമെന്ന് കിഫ്ബി അധികൃതർ ചർച്ചയിൽ ഉറപ്പുനൽകി. ഇതോടെ, വിദഗ്ധ തൊഴിലാളികളെ എത്തിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ നിർമ്മാണം പുനരാരംഭിക്കാനാണ് തീരുമാനം.
പുതിയ ഡിസൈനിന്റെ നിർമ്മാണത്തിന് അഞ്ച് കോടി രൂപ വരെ അധിക ചെലവ് വേണ്ടിവരുമെന്നാണ് കരാർ കമ്പനിയുടെ ആവശ്യം. 70 മീറ്റർ നീളമുള്ള മധ്യഭാഗത്തെ ഒരു സ്പാനും ഇരുവശങ്ങളിലുമായി 42 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളും നിർമ്മിക്കാനുണ്ട്. മറ്റ് പാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ മൂന്ന് സ്പാനുകൾ പൈലോണുകളിൽ സ്റ്റീൽ റോപ്പ് ഉപയോഗിച്ച് തൂക്കിനിർത്തുന്ന രീതിയിലാണ് നിർമ്മാണം. ഇതിൽ 70 മീറ്റർ സ്പാനിന്റെ മധ്യഭാഗത്തെ 9 മീറ്റർ നീളമുള്ള ഭാഗം മാത്രമാണ് ഇതുവരെ പൂർത്തിയായത്.
നിർമ്മാണം സ്തംഭിച്ചതിന് പിന്നാലെ, കരാർ കമ്പനി സമർപ്പിച്ച 5.6 കോടി രൂപയുടെ ബിൽ കെ.ആർ.എഫ്.ബി മാറിനൽകാതിരുന്നതും പ്രശ്നങ്ങൾ രൂക്ഷമാക്കി. നിർമ്മാണം നിലച്ചിട്ടും കാര്യമായ ഇടപെടലുകൾ ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്.
അപ്രോച്ച് റോഡ് ഒന്നാം ഘട്ടം പൂർത്തിയായി:
അഞ്ചാലുംമൂട് : പെരുമൺ-പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കാൻ നടപടികൾ തുടങ്ങിയതോടെ അപ്രോച്ച് റോഡിന്റെ നിർമ്മാണവും ദ്രുതഗതിയിലായി. പാലം മുതൽ പെരുമൺ ബസ് സ്റ്റാൻഡ് വരെയുള്ള അപ്രോച്ച് റോഡിന്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി. വരും ദിവസങ്ങളിൽ ടാറിങ് ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികൾ പുരോഗമിക്കും.
പെരുമൺ-പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടൊപ്പം, കണ്ണങ്കാട്ടു കടവിലെ പാലവും നിർമ്മാണം പൂർത്തിയായാൽ, ബൈപാസ് വഴി വരുന്ന യാത്രക്കാർക്ക് അഞ്ചാലുംമൂട്, പെരുമൺ, മൺട്രോത്തുരുത്ത്, ഭരണിക്കാവ് എന്നിവിടങ്ങളിലൂടെ ചക്കുവള്ളിയിലെത്തി, കുറഞ്ഞ സമയം കൊണ്ട് എറണാകുളത്ത് എത്താനാകും. ഈ പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യം ഗണ്യമായി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
0 Comments