നീണ്ടകര : മത്സ്യവിപണക്കാരനെ ലേലക്കാരൻ മർദിച്ചതിനെതിരെ ഫിഷ് സെല്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നീണ്ടകര ഹാർബറിൽ പ്രതിഷേധം. ഹാർബറിലെ ലേലക്കാരുടെ കൈയേറ്റവും അസഭ്യവർഷവും അവസാനിപ്പിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. തഴുത്തല പേരയം പല്ലിശ്ശേരി പുത്തൻവീട്ടിൽ സലീം (42) നാണ് മർദനമേറ്റത്. തിങ്കളാഴ്ച പുലർച്ചെ ഹാർബറിൽ മീൻ ലേലത്തിനെത്തിയ സലീം ലേലക്കാരനായ ജോസഫിൽ നിന്ന് മീൻ വാങ്ങിയിരുന്നു. എന്നാൽ ഒരു കുട്ട മീൻ പഴകിയതാണെന്ന് കണ്ടെത്തിയതോടെ ഇത് മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജോസഫ് അസഭ്യം പറയുകയും സലീമിനെ മർദിക്കുകയും ചെയ്തതായാണ് ആരോപണം.
മർദനത്തിൽ പരിക്കേറ്റ സലീം കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ചവറ പൊലീസിൽ പരാതി നൽകിയിരുന്നു.
പ്രതിക്കെതിരെ തുടർനടപടി വേണമെന്നും ഇത്തരം പ്രവണതകൾ തടയണമെന്നും ആവശ്യപ്പെട്ടാണ് ഹാർബറിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാർ ഹാർബറിന് മുന്നിൽ തടിച്ചുകൂടിയതോടെ മത്സ്യവ്യാപാരത്തെ ബാധിച്ചു. പൊലീസുമായി നടത്തിയ ചർച്ചയിൽ ജോസഫിനെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു. പൊലീസ് സലീമിൻ്റെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. നീണ്ടകര ഹാർബറിൽ മത്സ്യവിപണക്കാർക്കെതിരെ കൈയേറ്റവും അസഭ്യവർഷവും പതിവാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്നും ഫിഷ് സെല്ലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഫിഷ് സെല്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ഹിറ്റ്ലർ, സുരേഷ്
വ്യാപാരി വ്യാപസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്, അനിൽ രവീന്ദ്രൻ
ചെറുകിട മത്സ്യകച്ചവട കൂട്ടായ്മ ഭാരവാഹികൾ, ഷംനാദ്, കിഷോർ തുടങ്ങിയവർ പങ്കെടുത്തു. ചവറ പൊലീസ് കേസന്വേഷണം ആരംഭിച്ചു.
0 Comments