ഇന്നലെ അർധരാത്രി മുതൽ ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് കേരളത്തിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്ത് പണിമുടക്ക് ബന്ദായി മാറി. പൊതുഗതാഗതം അടക്കം സ്തംഭിച്ചു.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകളെ സമരാനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വിസ് നടത്താത്തിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസ് തടഞ്ഞു. തിരുവനന്തപുരത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍സിസിയിലേക്കും മെഡിക്കല്‍ കോളജ്, ശ്രീചിത്ര എന്നിവിടങ്ങളിലേക്കും പൊലീസ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത് രോഗികള്‍ക്ക് ആശ്വാസമായി. കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നുണ്ട്. ട്രെയിന്‍ സര്‍വീസുകളും കേരളത്തില്‍ സാധാരണനിലയിലാണ്.
കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. എന്നാൽ കേരളത്തിന് പുറത്ത് പണിമുടക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ അടക്കം പ്രധാന നഗരങ്ങളിൽ ജനജീവിതം സാധാരണ ഗതിയിലായിരുന്നു. ബംഗാള്‍ ജാദവ്പുരിലും ട്രെയിന്‍ തടയാന്‍ ശ്രമം. ജാദവ്പുരില്‍ ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ച് ജോലിചെയ്യുന്നു. ബിഹാറില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. ദേശീയപാതയില്‍ ടയറുകള്‍ കത്തിച്ചു. റോഡ് ഉപരോധം തുടരുന്നു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.സംഘപരിവാർ സംഘടനയായ ബിഎംഎസ് പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ്
0 Comments