കൊല്ലം : ഷാർജയിലെ ഫ്ളാറ്റിൽ കുഞ്ഞിനൊപ്പം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ പറ്റി ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ ശൈലജയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഭാര്യയെയും കാമുകിയെയും ഒരു ബെഡിൽ കിടത്തി എന്നതിനപ്പുറം നിതീഷിനെ കുറിച്ച്എന്ത് പറയാനാണെന്ന് ശൈലജ ചോദിക്കുന്നു.
വിപഞ്ചിക ആരോടും ഒന്നും പറഞ്ഞില്ല . വിപഞ്ചികയുടെ ആങ്ങളയും ഭാര്യയും അവിടെയുണ്ടായിട്ട് പോലും അവരോടും ഒന്നും വിട്ടുപറഞ്ഞിട്ടില്ല. വിപഞ്ചികയുടെ ഭർത്താവിന്റെ അച്ഛൻ തന്നോടും മോശമായി പെരുമാറിയെന്ന് ശെെലജ പറഞ്ഞു. നിതീഷിന്റെയും പെങ്ങളുടെയും അവരുടെ അച്ഛന്റെയും ക്രൂരതകൾ സഹിക്കാൻ പറ്റാതായതോടെയാണ് മകൾ വിപഞ്ചിക കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് ശെെലജ ആരോപിച്ചു.
‘വിപഞ്ചികയുടെ അച്ഛൻ വർഷങ്ങൾക്ക് മുൻപ് ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ്. ആ അവസ്ഥ അവൾക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് സഹിച്ചത്. അവളെ സ്നേഹിച്ചതുപോലെ നിതീഷിനെയും സ്നേഹിച്ചു. എന്നിട്ടും അവരെല്ലാം കൂടി എന്റെ കുഞ്ഞിനെ കൊന്നു. നിതീഷ് മുടി മുറിച്ചപ്പോഴാണ് അവളോട് മൊട്ടയടിക്കാൻ അയാളുടെ പെങ്ങൾ ആവശ്യപ്പെട്ടത്. മൊട്ടയടിച്ച് കണ്ണുനിറഞ്ഞ ഫോട്ടോ ചില ബന്ധുക്കൾക്ക് അവൾ അയച്ചുകൊടുത്തു.
അവന്റെ അവിഹിതബന്ധം പോലും അവൾ കണ്ടില്ലെന്ന് നടിച്ചത് തന്റെ കുഞ്ഞിന് അച്ഛൻ വേണം എന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. ‘നിതീഷ് എന്റെ കുഞ്ഞ്’ എന്ന് പറയുന്നത് പെങ്ങളുടെ കൊച്ചിനെയാണ്. വിപഞ്ചിക പക്ഷേ ആരോടും ഒന്നും പറഞ്ഞില്ല. അമ്മ വിഷമിക്കരുത് എന്നാണ് എല്ലാവരോടും പറയാറുള്ളത്.
നിതീഷിന്റെ കുടുംബത്തിന് സ്വർണത്തോടും പണത്തോടും മാത്രമാണ് ആർത്തി എന്ന് ഇടയ്ക്കിടെ വിപഞ്ചിക പറയാറുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ വിട്ടുപറയില്ല.നിതീഷിന്റെ അച്ഛൻ വിപഞ്ചികയോട് മാത്രമല്ല എന്നോടും മോശമായും മര്യാദയില്ലാതെയും പെരുമാറിയിട്ടുണ്ട്. മോശമായി സംസാരിച്ച ഓഡിയോ ഞാൻ സേവ് ചെയ്തുവച്ചിട്ടുണ്ട്. ഭർത്താവ് ഉപേക്ഷിച്ചുപോയി ഇത്രകാലമായിട്ടും ആരും എന്നോടിത്ര മോശമായി സംസാരിച്ചിട്ടില്ല.
അയാളൊരു വൃത്തികെട്ടവനാണ്. നിതീഷ് കൂട്ടുകാർക്കൊപ്പം നാലഞ്ചുദിവസം യാത്രയൊക്കെ പോകുന്ന സമയത്ത് വിപഞ്ചികയും കുഞ്ഞും അയാളുമാണ് വീട്ടിലുണ്ടാവുക.രാവിലെ മുതൽ മദ്യപാനം തുടങ്ങും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായിട്ടൊക്കെ അയാളുടെ മുറിയിൽ കയറി വിളിക്കണം. മരുമകൾക്ക് കാണാവുന്ന തരത്തിലുള്ള കിടപ്പൊന്നുമായിരുന്നില്ല അയാളുടേത്.
അയാളെ തൊട്ടുതലോടി നോക്കണമെന്നാണ് നിതീഷും പറയുന്നത്. ഒരിക്കൽ കൗൺസിലിംഗിന് പോയപ്പോൾ ആ ഡോക്ടർ നിതീഷിനോട് ചോദിച്ചിട്ടുണ്ട്. നിനക്കുവേണ്ടിയാണോ അച്ഛനുവേണ്ടിയാണോ വിവാഹം കഴിച്ചതെന്ന്. മരിച്ചുകഴിഞ്ഞിട്ടെങ്കിലും ഒരൽപം കുറ്റബോധമെങ്കിലും ബാക്കിയുണ്ടോ അവന്?’- ശെെലജ പറഞ്ഞു.
0 Comments