banner

യുവതിക്കൊപ്പം പുഴയില്‍ ചാടിയ ആണ്‍ സുഹൃത്തിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി...!, രണ്ടു മക്കളുടെ അമ്മയായ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

കണ്ണൂര്‍ : കാമുകിയായ ഭര്‍തൃമതിയായ യുവതിക്കൊപ്പം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം മാട്ടൂല്‍ കടലില്‍ കണ്ടെത്തി. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍ പെരിയാട്ടടുക്കത്തെ പ്രവാസിയും ഇപ്പോള്‍ പന്തല്‍ പണി ചെയ്യുന്ന സി. രാജേഷ് എന്ന രാജു (39) വിന്റെ മൃതദേഹമാണ് ബുധനാഴ്ച്ച രാവിലെ ആറുമണിയോടെ പുതിയങ്ങാടി മാട്ടൂല്‍ പുലിമുട്ടിന് സമീപം തീരത്ത് മത്സ്യ തൊഴിലാളികള്‍ കണ്ടെത്തിയത്.

പെരിയാട്ടടുക്കത്തെ മാധവന്‍- ഭാര്‍ഗ്ഗവി ദമ്പതികളുടെ മകനാണ്. അവിവാഹിതന്‍. കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച രാവിലെ ഒന്‍പതം മണിയോടെയാണ് വീട്ടില്‍ നിന്നും ഇയാള്‍ ജോലിക്കു പോയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് ഞായറാഴ്ചരാത്രിയില്‍ പെരിയാട്ടടുക്കത്തെ ഭര്‍തൃമതിയും രണ്ടു മക്കളുടെ മാതാവുമായ 35 കാരിക്കൊപ്പം ഇയാള്‍ വളപട്ടണം പാലത്തിനു മുകളില്‍ നിന്നു ജീവനൊടുക്കാന്‍ പുഴയിലേക്ക് ചാടിയത്.

യുവതി നീന്തി കരകയറുകയും യുവാവ് അടിയൊഴുക്കില്‍പ്പെട്ട് കടലിലെത്തുകയും ചെയ്തു. നാട്ടുകാരില്‍ നിന്നും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പൊലീസിനോട് യുവതിയാണ് ആണ്‍ സുഹൃത്തായ രാജേഷും തന്നോടൊപ്പം പുഴയില്‍ ചാടിയ വിവരം പറഞ്ഞത്. തുടര്‍ന്ന് രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ബുധനാഴ്ച്ചരാവിലെ പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഴയങ്ങാടി പോലീസ് മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിച്ചു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളേജിലെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം പഴയങ്ങാടി പൊലിസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യയായ യുവതി രണ്ടു മക്കളുടെ അമ്മയാണ് ബേക്കല്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം വിട്ടയച്ചു.

Post a Comment

0 Comments