banner

ഒൻപത് ദിവസത്തെ ജയിൽ വാസം അവസാനിച്ചു...!, ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം


ന്യൂഡല്‍ഹി : ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.  കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസ് നീട്ടികൊണ്ടു പോകാനാണോ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് എന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു.  ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. നേരത്തെ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ എന്‍ഐഎ കോടതിയിലും പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇത് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയമാണ്. കന്യാസ്ത്രീകള്‍ തുടര്‍ച്ചയായി ചെയ്യുന്നതാണ്. ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരും എന്നിങ്ങനെയായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണ ഘടന മൂല്യങ്ങള്‍ മാനിച്ച് കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ.

إرسال تعليق

0 تعليقات