banner

അഷ്ടമുടി സ്കൂൾ കെട്ടിട വിവാദം: വീഴ്ച പഞ്ചായത്തിൻ്റെ ഭാഗത്തല്ല; പിഡബ്ല്യുഡി രേഖകൾ സമർപ്പിക്കണമെന്ന് നിർദേശം; പിഡബ്ല്യുഡി സഹകരിച്ചാൽ ഉടൻ കെട്ടിട നമ്പർ; തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്റെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു


അഞ്ചാലുംമൂട് : അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ച ചെയ്യാൻ തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്റെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം. കരുവ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സൂപ്രണ്ട് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ, യോഗത്തിലേക്ക് ക്ഷണിച്ചിരുന്ന സ്കൂൾ പി.ടി.എ അധികൃതർ പങ്കെടുത്തില്ല.

പഞ്ചായത്ത് സെക്രട്ടറി നോട്ടീസിൽ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ സംബന്ധിച്ച് പിഡബ്ല്യുഡി അധികൃതർ യോഗത്തിൽ വിശദീകരണം നൽകി. കെ.പി.ബി.ആർ. ചട്ടം 5(3) പ്രകാരം ഈ അപാകതകൾ വ്യക്തമാക്കി പിഡബ്ല്യുഡി കത്ത് സമർപ്പിക്കണമെന്ന് പഞ്ചായത്ത് നിർദേശിച്ചു. ആവശ്യമായ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് യോഗം നിർദേശം നൽകി. പിഡബ്ല്യുഡി കത്ത് നൽകിയാൽ അടുത്ത ദിവസം തന്നെ കെട്ടിട നമ്പർ അനുവദിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.

പഞ്ചായത്തിനെതിരായ ആരോപണങ്ങൾ ദുരുദ്ദേശപരം: പ്രസിഡന്റ്
പഞ്ചായത്ത് നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും, ഉയർന്ന ആരോപണങ്ങൾ ചില തൽപരകക്ഷികളുടെ ദുരുദ്ദേശപരമായ നീക്കങ്ങളാണെന്നും പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ആരോപിച്ചു. സ്കൂൾ അധികൃതരും പിഡബ്ല്യുഡിയും ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതാണ് കെട്ടിട നമ്പർ വൈകാൻ കാരണമെന്ന് അവർ വ്യക്തമാക്കി. കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള പ്രാഥമിക രേഖകൾ പോലും സ്കൂൾ അധികൃതർ പഞ്ചായത്തിന് നൽകിയിരുന്നില്ല. ഇതേക്കുറിച്ച് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി ജൂലൈ 30-ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് പഞ്ചായത്തിനെ കുറ്റപ്പെടുത്താൻ ശ്രമം നടന്നുവെന്നും, ഈ ഗൂഢശ്രമം ഇപ്പോൾ പൊളിഞ്ഞുവെന്നും പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിന്റെ പിന്തുണയോടെ നേടിയ കെട്ടിടം
അഷ്ടമുടി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കപ്പെട്ടത് പഞ്ചായത്തിന്റെ ശ്രമഫലമായാണെന്നിരിക്കെ, പഞ്ചായത്ത് സ്കൂളിന് എതിരാണെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചാരണം നടന്നുവെന്നും, ഇപ്പോൾ വസ്തുതകൾ എല്ലാവർക്കും ബോധ്യപ്പെട്ടതായും പ്രസിഡന്റ് വ്യക്തമാക്കി. കെട്ടിട നമ്പർ അനുവദിക്കുന്നത് ഭരണസമിതിയല്ല, ഉദ്യോഗസ്ഥരാണെന്നും, ചട്ടങ്ങൾ പാലിക്കാതെ നമ്പർ അനുവദിക്കാൻ അവർക്ക് കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂനതകൾ പരിഹരിക്കാൻ പിഡബ്ല്യുഡി
നോട്ടീസിൽ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തി മറുപടിക്കത്ത് അടുത്ത ദിവസങ്ങളിൽ സ്കൂൾ അധികൃതർ വഴി പഞ്ചായത്തിന് സമർപ്പിക്കുമെന്ന് പിഡബ്ല്യുഡി അധികൃതർ യോഗത്തിൽ അറിയിച്ചു. 

കെട്ടിടം ഉപയോഗിക്കാനാകാതെ വിദ്യാർഥികൾ
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബഹുനില കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ജൂൺ 12-ന് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, ഒന്നര മാസം പിന്നിട്ടിട്ടും കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ വിദ്യാർഥികളെ പുതിയ കെട്ടിടത്തിൽ പ്രവേശിപ്പിക്കാനായിട്ടില്ല. നിലവിൽ പഴയ കെട്ടിടത്തിൽ തന്നെയാണ് വിദ്യാർഥികൾ പഠനം തുടരുന്നത്. Ashtamudy Live News ഈ വിഷയം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പഞ്ചായത്ത് അടിയന്തിര യോഗം വിളിച്ചുചേർത്തത്.

إرسال تعليق

0 تعليقات