banner

ട്രംപിന്റെ 50% തീരുവ; ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ നീരാളി, കണവ വ്യവസായങ്ങൾ പ്രതിസന്ധിയിൽ

കൊല്ലം : ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിലെ മത്സ്യവ്യവസായത്തെ ഗുരുതരമായി ബാധിച്ചു. ആഭ്യന്തര വിപണിയിൽ വലിയ ഡിമാൻഡില്ലാത്ത നീരാളിയുടെ വില ഇടിഞ്ഞു. സംസ്കരണ യൂണിറ്റുകൾ വാങ്ങൽ കുറച്ചതിനാൽ, യു.എസിലേക്ക് അയച്ചിരുന്ന ഓലക്കണവ, പേക്കണവ, ഓട്ടുകണവ എന്നിവയുടെ വില വരും ദിവസങ്ങളിൽ താഴെയെത്തിയേക്കും. അമേരിക്കയുടെ ചതിയിൽ അടി കിട്ടിയത് കൊല്ലത്തിനും ഇരുട്ടടിയായി ചൈനീസ് നീക്കവും.

അമേരിക്കയുടെ 50% തീരുവ, റഷ്യൻ എണ്ണ ഇറക്കുമതിക്കെതിരായ ശിക്ഷയുടെ ഭാഗമാണ്. ഈ തീരുമാനം ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ സീഫുഡ് കയറ്റുമതിയുടെ 40% യു.എസിലേക്കാണ്. കൊല്ലത്തെ ഹാർബറുകളിൽ നീരാളിയുടെ വില കിലോയ്ക്ക് 330 രൂപയിൽ നിന്ന് 280 രൂപയായി കുറഞ്ഞു. കണവ ഇനങ്ങളിൽ ഓലക്കണവയ്ക്കാണ് ആഭ്യന്തര വിപണിയിൽ ഡിമാൻഡ്. പേക്കണവയും ഓട്ടുകണവയും കയറ്റുമതിക്കായി സംസ്കരണ യൂണിറ്റുകളാണ് വാങ്ങുന്നത്. യു.എസുമായുള്ള തർക്കം പരിഹരിക്കുമെന്ന പ്രതീക്ഷയിൽ കയറ്റുമതി യൂണിറ്റുകൾ ഇപ്പോൾ വാങ്ങലിൽ ചെറിയ കുറവ് മാത്രമേ വരുത്തിയിട്ടുള്ളു. വിഷയം നീണ്ടാൽ പ്രതിസന്ധി രൂക്ഷമാവും. മത്സ്യത്തൊഴിലാളികളെ വല്ലാതെ ബാധിക്കും.

യു.എസിന് പുറമേ യൂറോപ്പ്, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലേക്കാണ് കണവ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. കണവയ്ക്ക് യു.എസിൽ തീരുവ ഇല്ലായിരുന്നു. ഇന്ത്യൻ കടൽ ചെമ്മീനിന് യു.എസിൽ നിരോധനം ഉള്ളപ്പോഴും ജലാശയങ്ങളിൽ കൃഷി ചെയ്യുന്ന വനാമി ചെമ്മീൻ യു.എസിലേക്ക് അയയ്ക്കുന്നുണ്ടായിരുന്നു. കേരളത്തിൽ വനാമി ചെമ്മീൻ ഉത്പാദനം കുറവാണ്. ആന്ധ്രാ, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വാങ്ങി കൊല്ലത്തെ സംസ്കരണ യൂണിറ്റുകൾ മൂല്യവർദ്ധിത ഉത്പന്നമാക്കിയാണ് കയറ്റുമതി ചെയ്തിരുന്നത്.

നീരാളിയെ ചതിച്ച് ചൈനയും: യു.എസ് കഴിഞ്ഞാൽ പ്രധാനപ്പെട്ട നീരാളി കയറ്റുമതി കേന്ദ്രം ചൈനയാണ്. വില ഇടിക്കാനായി ചൈന നീരാളിയുടെ ഇറക്കുമതി കുറച്ചു. നീരാളിയുടെ വില കൊല്ലത്തെ ഹാർബറുകളിൽ കിലോയ്ക്ക് 330ൽ നിന്ന് 280 ആയി. കയറ്റുമതി ഇനം, കിലോ ശരാശരി വില:

  • ഓലക്കണവ: ₹700
  • ഓട്ടുകണവ: ₹300
  • പേക്കണവ: ₹350

ജില്ലയിൽ എക്സ്പോർട്ടിങ് ലൈസൻസുള്ള 11 മത്സ്യ സംസ്കരണ കമ്പനികളുണ്ട്. കൊച്ചിയിലേത് ഉൾപ്പടെയുള്ള കമ്പനികൾക്ക് ചരക്കെടുത്ത് സംസ്കരിച്ച് നൽകുന്ന യൂണിറ്റുകളുമുണ്ട്. അയ്യായിരത്തോളം പേർ നേരിട്ട് ജോലി ചെയ്യുന്ന മേഖല. യു.എസിലേക്കുള്ള കയറ്റുമതി നിലയ്ക്കുന്നത് കമ്പനികളെയും തൊഴിലാളികളെയും ബാധിക്കും. നിലവിൽ മത്സ്യ കയറ്റുമതിക്കാർ ചെറിയ അളവിൽ മാത്രമേ വാങ്ങൽ കുറച്ചിട്ടുള്ളൂ. പ്രതിസന്ധി രൂക്ഷമായാൽ ഇവിടുത്തെ അവസ്ഥയും മാറും.

إرسال تعليق

0 تعليقات