കൊല്ലം : യുവ അഭിഭാഷകനായ അഡ്വ. പ്രേംലാൽ ബി.എസിന് ഇന്നലെ (ഓഗസ്റ്റ് 28) മർദനമേറ്റ സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. അടിയന്തിര ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സംഭവത്തെ അപലപിച്ച അസോസിയേഷൻ, കേസിൽ വധശ്രമ കുറ്റം ചുമത്തി ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
കിളികൊല്ലൂർ പാർത്ഥാസ് തീയറ്ററിൽ സിനിമ കണ്ട് മടങ്ങവേ വാഹനത്തിൽ തട്ടിയെന്നാരോപിച്ച് മാരുതി കാറിലെത്തിയ മൂന്ന് പേർ ചേർന്നാണ് അഭിഭാഷകനെ മർദിച്ചത്. ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച അദ്ദേഹത്തെ കാറിൽ പിന്തുടർന്ന് മൂന്നാംകുറ്റി ജംഗ്ഷനിൽ കാർ കുറുകെ നിർത്തി തടഞ്ഞ് നടുറോഡിൽ വീണ്ടും ആക്രമിക്കുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വാഹനം പിടിച്ചെടുത്തെങ്കിലും വധശ്രമ കുറ്റം ചേർക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
കേരള മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി സമർപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ, സെക്രട്ടറി അഡ്വ. കെ.ബി. മഹേന്ദ്രൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
0 تعليقات