banner

നാണംകെട്ട് സർക്കാർ...!, കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികളെ കറുത്ത മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ സിഐ ഷാജഹാനെതിരെ നടപടി; കോടതിയിലും മറുപടി പറയണം


തൃശൂര്‍ : കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരെ നടപടി. ഷാജഹാനെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ കോൺഗ്രസ് ഉൾപ്പെടെ പ്രതിഷേധങ്ങൾ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ വന്ന സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ കെ.എസ്.യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയതില്‍ ഷാജഹാന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു.

വടക്കാഞ്ചരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാജഹാന് നോട്ടീസ് അയച്ചത്. വിദ്യാര്‍ത്ഥികളെ മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കിയതിന് പിന്നാലെയായിരുന്നു നടപടി. രാഷ്ട്രീയ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഉള്ളവരെ ഇത്തരം കറുത്ത മാസ്‌കും കൈ വിലങ്ങും ഇട്ട് കൊണ്ട് വന്നത് എന്തിന് എന്നും കോടതി അന്ന് ചോദിച്ചിരുന്നു.

കെ.എസ്.യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയത് വലിയ രീതിയില്‍ വിവാദമായിരുന്നു. കൊടും കുറ്റവാളികളെയും ഭീകരവാദികളെയുമാണ് സാധാരണയായി മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ച് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലായിരുന്നു കെഎസ്‌യുക്കാരെ മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കിയ സംഭവവും നടന്നത്.

إرسال تعليق

0 تعليقات