അഞ്ചാലുംമൂട് : നീരാവിൽ പള്ളിവേട്ട ചിറ ഒറ്റക്കൽ മേൽപ്പാലത്തിനടുത്ത് സ്കൂട്ടറും ട്രെയിലറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ശക്തികുളങ്ങര ആയിത്തറ തെക്കത്ത് സജിത (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30-ന് കടവൂർ ബൈപ്പാസിലാണ് അപകടം നടന്നത്. രണ്ടാംകുറ്റി ധന്യയിലെ ജീവനക്കാരിയായ സജിത ഭർത്താവ് രാജേഷിനൊപ്പം സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. ബൈപ്പാസിലൂടെ കല്ലുംതാഴം ഭാഗത്തേക്ക് യാത്ര ചെയ്യവേ, ഇതേ ദിശയിൽ ആൽത്തറ മൂട്ടിൽനിന്ന് മേവറം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിലറിന്റെ വലത് പിൻഭാഗം സ്കൂട്ടറിൽ ഇടിക്കുകയും നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയും ചെയ്തു. അപകടത്തിൽ ട്രെയിലറിന്റെ അടിയിലേക്ക് വീണ സജിതയുടെ തലയിലൂടെ ലോറിയുടെ പിൻവശത്തെ വീലുകൾ കയറിയിറങ്ങി. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയുടെ പിൻഭാഗം പൂർണമായും തകർന്നു. സംഭവസ്ഥലത്തുവച്ചേ സജിത മരിച്ചു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച് വീണ ഭർത്താവ് രാജേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ട്രെയിലർ ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
റോഡ് ഉപരോധിച്ച് നാട്ടുകാർ; നിർമാണ സാമഗ്രികൾ നീക്കം ചെയ്യാമെന്ന് ഉറപ്പ്
അപകടത്തിന് ശേഷം ഉച്ചയ്ക്ക് 12 മണി വരെ ദേശീയപാത നിർമാണ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. കോൺഗ്രസ് നേതാക്കളായ ബി. അനിൽകുമാറിന്റെയും ദിജോ ദിവാകരന്റെയും നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. ഡെപ്യൂട്ടി കളക്ടർ സ്ഥലത്തെത്തി ചർച്ച നടത്തി. നിർമാണ കമ്പനി ഉദ്യോഗസ്ഥരുമായി നാളെയോ മറ്റന്നാളോ കളക്ടറുടെ ചേംബറിൽ ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു. തുടർന്ന് ദിജോ ദിവാകരൻ നിർമാണ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ റോഡിൽ അവശേഷിക്കുന്ന നിർമാണ സാമഗ്രികളും മണ്ണും നീക്കം ചെയ്യാമെന്നും ട്രാഫിക് നിയന്ത്രണത്തിന് ഒരാളെ നിയോഗിക്കാമെന്നും ഉറപ്പ് ലഭിച്ചു. എന്നാൽ, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ബൈപ്പാസ് നിർമാണ പ്രവർത്തനങ്ങൾ മൂലം റോഡിൽ അപകടസാധ്യത വർധിച്ചിരിക്കുകയാണെന്ന് പ്രാദേശികർ ചൂണ്ടിക്കാട്ടി. അപകടത്തോടെ ബൈപ്പാസ് റോഡിലെ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ചർച്ചയായി. നിർമാണ കമ്പനിയുടെ അലംഭാവത്തോടെ ട്രാഫിക് തടസ്സങ്ങൾ വർധിച്ചത് അപകടത്തിന് കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു.
0 Comments