Iklan

Iklan

,

Iklan

Video

'ഞാന്‍ പോയെന്ന് ഉമ്മയോട് പറയണേ...'!, അവസാനമായി കണ്ടത് മദീന, അന്‍സില്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

SPECIAL CORRESPONDENT
, Monday, October 20, 2025 WIB Last Updated 2025-10-20T04:27:54Z



മദീന : മദീന കണ്ണുനിറയെ കണ്ട് മുഹമ്മദ് അന്‍സില്‍ ഇഹലോകവാസം വെടിഞ്ഞു. മക്കയിലെത്തി ഉംറ ചെയ്ത ശേഷം മദീനയില്‍ വെച്ചാണ് കുന്ദമംഗലം നിവാസിയായ പതിനാറുകാരനായ അന്‍സില്‍ മടങ്ങിയത്. വലുപ്പയുടെയും വലുമ്മയുടെയും കൂടെയാണ് ഭിന്നശേഷിക്കാരനായ അന്‍സില്‍ ഉംറ നിര്‍വഹിക്കാനെത്തിയത്. വീല്‍ചെയറിലായിരുന്നു യാത്ര. മദീന കെഎംസിസി വെല്‍ഫയര്‍ വിംഗാണ് അന്‍സിലിനെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചത്. 

കുറിപ്പിന്റെ പൂര്‍ണ രൂപം: 
'ഉമ്മയോട് ഞാന്‍ പോയി എന്ന് പറഞ്ഞേക്കണേ...' പുണ്യഭൂമിയില്‍ നിന്നൊരു മാഞ്ഞുപോക്ക്... വിശുദ്ധിയുടെ ഗന്ധം തങ്ങിനില്‍ക്കുന്ന മദീനയുടെ മണ്ണില്‍, കോഴിക്കോട് കുന്ദമംഗലത്തെ മുഹമ്മദ് അന്‍സില്‍ എന്ന പതിനാറുകാരന്‍ തന്റെ ഇഹലോകയാത്ര അവസാനിപ്പിച്ചു. ഊഷ്മള സ്നേഹത്തിന്റെ തണലായ വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു ഈ ബാലന്‍. പരിശുദ്ധ കര്‍മ്മങ്ങളുടെ നിര്‍വൃതിയില്‍ നില്‍ക്കെ, പ്രവാചകന്റെ പൂങ്കാവനം സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു കാലം അവനെ മാടി വിളിച്ചത്. അന്‍സിലിന്റെ ഉള്ളില്‍ അടങ്ങാത്ത ഒരുമ്മ വാത്സല്യത്തിനായുള്ള ദാഹമുണ്ടായിരുന്നു. പുലര്‍ച്ചെ അവന്‍ അംഗശുദ്ധി വരുത്തി, ഒരു യാത്രക്ക് തയ്യാറെടുക്കുന്നവനെപ്പോലെ ഉണര്‍ന്നിരുന്നു. എന്നിട്ട്, നിറഞ്ഞ കണ്ണുകളോടെ ഉമ്മയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. നേരം പുലരും വരെ കാത്തിരിക്കാമെന്ന് പറഞ്ഞ് വല്യുമ്മയുടെ വാത്സല്യം അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, അവന്റെ ആത്മാവ് മറ്റൊരു യാത്രക്ക് ഒരുങ്ങുകയായിരുന്നു.... 

'ഉമ്മയോട് ഞാന്‍ പോയി എന്ന് പറഞ്ഞേക്കണേ...' ഒരു മകന്റെ ഹൃദയം നുറുങ്ങുന്ന ഈ അന്തിമ മൊഴി. 

അവന്‍ ശാന്തമായി 'കലിമ' ചൊല്ലി, ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നവന്റെ നിര്‍മ്മലതയോടെ കട്ടിലില്‍ കിടന്നു. 
പുലര്‍ച്ചെ 3:30ന്, പ്രഭാതത്തിന് തൊട്ടുമുമ്പ്, അവന്റെ ശ്വാസം നിലച്ചു; മരണം അവനെ നിശ്ശബ്ദമായി പുല്‍കി. 

ഈ പുണ്യഭൂമിയില്‍, അപ്രതീക്ഷിത ദുരന്തത്തിന് മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ വല്യുപ്പയും വല്യുമ്മയും തളര്‍ന്നുപോയി. നിയമനടപടികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ അവര്‍ വിതുമ്പി. ആ സ്തംഭനാവസ്ഥയില്‍, കുന്ദമംഗലം ഗ്ലോബല്‍ കെഎംസിസി വഴി മദീന കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന് വിവരം കൈമാറി.

ഉടന്‍തന്നെ മദീന കെഎംസിസി പ്രതിനിധികള്‍ അവര്‍ താമസിച്ച ഹോട്ടലിലെത്തി, ആ വയോധികര്‍ക്ക് സാന്ത്വനമായി, താങ്ങായി മാറി. സ്വര്‍ഗ്ഗതുല്യമായ ജന്നത്തുല്‍ ബഖീഇല്‍ അന്‍സിലിന് ശാശ്വത വിശ്രമം നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉമ്മയെ കാണാന്‍ കൊതിച്ച്, വിടവാങ്ങലിന്റെ സന്ദേശം കൈമാറി, വിശുദ്ധിയുടെ മണ്ണില്‍ നിത്യനിദ്രയിലാണ്ട ആ പതിനാറുകാരന്റെ ഓര്‍മ്മകള്‍ ഓരോ പ്രവാസിയുടെ നെഞ്ചിലും നീറ്റലായി അവശേഷിക്കും. ''

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents