വാഷിങ്ടൺ : ആറ് വർഷത്തിനിടയിലെ ആദ്യത്തെ ഗവൺമെൻ്റ് ഷട്ട് ഡൗണ്‍ ഭീഷണിയിൽ അമേരിക്ക. ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതിൽ യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിൽ ധാരണയിലെത്താനായില്ല. കോൺഗ്രസിലെ തിരക്കിട്ട ചർച്ചകൾ പരാജയപ്പെട്ടതോടെ, ഒരു അവസാന ശ്രമമെന്ന നിലയിൽ സെനറ്റിൽ അവതരിപ്പിച്ച താൽക്കാലിക ഫണ്ടിങ് ബില്ലും ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാത്തതിനാൽ പരാജയപ്പെട്ടു.
ഇതോടെ ഷട്ട്ഡൗൺ ഉണ്ടാകുമെന്ന് ഉറപ്പായി. ഒരു ഷട്ട്ഡൗൺ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്നെ നേരത്തെ സമ്മതിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ട്രംപ് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തുകയും ഷട്ട്ഡൗൺ ഉണ്ടായാൽ മുൻഗണനാ പദ്ധതികൾ ഇല്ലാതാക്കുമെന്നും വൻതോതിൽ പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു ഷട്ട്ഡൗൺ കൊണ്ട് “ഒരുപാട് നല്ല കാര്യങ്ങൾ” സംഭവിക്കാമെന്നും ഈ പ്രതിസന്ധിയുടെ ഭാഗമായി ഡെമോക്രാറ്റുകൾ പിന്തുണയ്ക്കുന്ന പല ഫെഡറൽ പദ്ധതികളും ഇല്ലാതാക്കാൻ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ‘നമുക്ക് ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ ഒഴിവാക്കാൻ കഴിയും, അവ ഡെമോക്രാറ്റുകളുടെ കാര്യങ്ങളായിരിക്കും. അവർ പഠിക്കുന്നില്ല. അതുകൊണ്ട് ഞങ്ങൾക്ക് മറ്റ് വഴികളില്ല. രാജ്യത്തിനുവേണ്ടി എനിക്കിത് ചെയ്യേണ്ടിവരും.’ ട്രംപ് പറഞ്ഞു.
സമയപരിധിക്കുള്ളിൽ ധനബിൽ പാസാകാതെ വന്നതോടെ ഫെഡറൽ ഗവൺമെൻ്റിൻ്റെ വലിയൊരു ഭാഗം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ടിവരും. ഈ സ്തംഭനാവസ്ഥ ഏഴ് ആഴ്ച വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. പ്രധാനമായും ആരോഗ്യപരിപാലന രംഗത്തെ വ്യവസ്ഥകളിലാണ് ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും തമ്മിൽ തർക്കം നിലനിൽക്കുന്നത്. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ട്രംപ് ഭരണകൂടത്തിൻ്റെ കൂട്ടപ്പിരിച്ചുവിടൽ ഭീഷണികൾ നിയമലംഘനമാണെന്ന് ആരോപിച്ച് ഫെഡറൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകൾ ചൊവ്വാഴ്ച സാൻ ഫ്രാൻസിസ്കോയിൽ കേസ് ഫയൽ ചെയ്തു. ഷട്ട്ഡൗൺ സമയപരിധിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു ഈ നിയമപരമായ നീക്കം.
ചർച്ചകൾ പരാജയപ്പെട്ടതോടെ ഇരുപക്ഷവും തമ്മിലുള്ള വാക്പോരുകളും രൂക്ഷമായി. ചർച്ചകൾക്ക് ശേഷം ട്രംപ് പോസ്റ്റ് ചെയ്ത, ഡെമോക്രാറ്റിക് നേതാക്കളായ ചക്ക് ഷൂമറിനെയും ഹക്കീം ജെഫ്രീസിനെയും പരിഹസിക്കുന്ന ഒരു എഐ നിർമ്മിത വീഡിയോ വലിയ വിവാദത്തിന് കാരണമായി. അനധികൃത കുടിയേറ്റക്കാർക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് നേതാക്കൾ പറയുന്നത് വീഡിയോയിൽ വ്യാജമായി ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച ജെഫ്രീസ്, അടുത്ത തവണ തനിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് മുഖത്തുനോക്കി പറയണമെന്നും വ്യാജ വീഡിയോയിലൂടെ ഒളിച്ചോടരുതെന്നും ആവശ്യപ്പെട്ടു.
കോൺഗ്രസിൻ്റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾ ന്യൂനപക്ഷമാണെങ്കിലും, 100 അംഗ സെനറ്റിൽ ഒരു ഫണ്ടിംഗ് ബിൽ പാസാകാൻ 60 വോട്ടുകൾ ആവശ്യമാണ്. റിപ്പബ്ലിക്കൻമാർക്ക് ഇതിനുവേണ്ട ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഡെമോക്രാറ്റുകളുടെ പിന്തുണ അനിവാര്യമാണ്. ഷട്ട്ഡൗണിലേക്ക് നീങ്ങുന്നതോടെ അത്യാവശ്യമല്ലാത്ത സർക്കാർ സേവനങ്ങൾ നിലയ്ക്കുകയും ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് താൽക്കാലികമായി ശമ്പളം മുടങ്ങുകയും ചെയ്യും. സാമൂഹിക സുരക്ഷാ പദ്ധതികളെയും ഇത് ബാധിച്ചേക്കാം. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ (35 ദിവസം) ട്രംപിൻ്റെ ആദ്യ ഭരണകാലത്തായിരുന്നു.
.jpg)
0 Comments