തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും, തൃക്കരുവ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (സാമ്പ്രാണിക്കോടി)യിലെ ഫലമാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറുന്നത്. യുഡിഎഫിന് കടുത്ത തിരിച്ചടിയും, എൽഡിഎഫിന് വ്യക്തമായ രാഷ്ട്രീയ നേട്ടവും രേഖപ്പെടുത്തിയ വാർഡെന്ന നിലയിലാണ് ഈ ഫലത്തെ വിലയിരുത്തുന്നത്.
വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായ വി. ദേവരാജൻ യുഡിഎഫ് സ്ഥാനാർഥിയെ വെറും 20 വോട്ടുകളുടെ വ്യത്യാസത്തിൽ മറികടന്നതാണ് നിർണായകമായത്. ചെറിയ ഭൂരിപക്ഷമെങ്കിലും, രാഷ്ട്രീയമായി വലിയ സന്ദേശം നൽകുന്ന വിജയമാണ് എൽഡിഎഫിന് ഇവിടെ ലഭിച്ചത്.
യുഡിഎഫ് അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡൻ്റിന്റെ വാർഡിൽ തന്നെയാണ് ഈ തിരിച്ചടി സംഭവിച്ചത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ജന്മനാടായ പ്രദേശത്ത് എൽഡിഎഫ് നിലപാട് ഉറപ്പിച്ചതായും നേതൃത്വം വിലയിരുത്തുന്നു.
യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നത്, പ്രസിഡൻറ് സ്ഥാനാർത്ഥിയായി കണക്കാക്കിയിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റായ ബീന ബാബുവിന്റെ പരാജയമാണ്. തൃക്കരുവ ഗ്രാമപഞ്ചായത്തിൽ കേവലഭൂരിപക്ഷം ലഭിക്കാതിരുന്നുവെങ്കിലും ഭരണം യുഡിഎഫിന് ലഭിച്ച സാഹചര്യത്തിൽ, പ്രസിഡന്റായി എത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്ന നേതാവിന്റെ തോൽവി മുന്നണിയെ പ്രതിരോധത്തിലാക്കി.
ഇത്തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയിലെ പ്രസിഡന്റായിരുന്ന സരസ്വതി രാമചന്ദ്രന്, വാർഡിൽ ബീന ബാബുവിന് ലഭിച്ച വോട്ടുകൾ പോലും സ്വന്തമാക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച നേതാവിന് ഉണ്ടായ ഈ ഇടിവ്, യുഡിഎഫ് സംഘടനയിൽ വോട്ടുചോർച്ചയും ആഭ്യന്തര അസംതൃപ്തിയും നിലനിൽക്കുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.
എന്നിരുന്നാലും, എൽഡിഎഫിന് ലഭിച്ച നേട്ടം വോട്ടുവ്യത്യാസത്തേക്കാൾ വലുതാണ്. കപ്പൽ ചിഹ്നത്തിൽ മത്സരിച്ച എൽഡിഎഫ് വിമതനായ മെൽവിൻ ഡേവിഡ് നേടിയ വോട്ടുകൾ ഉണ്ടായിട്ടും, വി. ദേവരാജൻ വിജയിച്ചത് എൽഡിഎഫിന്റെ അടിസ്ഥാന വോട്ട്ബേസ് നിലനിൽക്കുന്നതായി കാണിക്കുന്നതാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
വി. ദേവരാജൻ ബീന ബാബുവിന്റെ ഭർതൃ സഹോദരനാണ് എന്ന കാരണത്താൽ സ്ഥാനാർഥിത്വത്തിനെതിരെ പ്രതിഷേധിച്ച് മത്സരിച്ചതായി മെൽവിൻ ഡേവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിമത മത്സരവും കുടുംബബന്ധ വിവാദവും നിലനിന്ന സാഹചര്യത്തിലും വിജയം കൈവരിക്കാനായതിനെ എൽഡിഎഫ് സംഘടനാ ശക്തിയുടെ തെളിവായി വിലയിരുത്തുന്നു.
നിലവിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന്റെ 9 അംഗങ്ങളാണ് വിജയിച്ചിരിക്കുന്നത്. എങ്കിലും, വാർഡ് 13ൽ ഉണ്ടായ 20 വോട്ടുകളുടെ രാഷ്ട്രീയ സമവാക്യം, പഞ്ചായത്ത് ഭരണത്തേക്കാളും വലിയ രാഷ്ട്രീയ അർത്ഥങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ പഞ്ചായത്ത് ഹാളിൽ നടക്കും. യുഡിഎഫിന്റെ 9 അംഗങ്ങളും എൽഡിഎഫിന്റെ 7 അംഗങ്ങളും ബിജെപിയുടെ രണ്ട് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.
%20(4).jpg)
0 Comments