കോട്ടയം : ക്രൈസ്തവ സമൂഹത്തിന് നേരെ രാജ്യത്തുണ്ടാകുന്ന ആക്രമണങ്ങളിൽ ആർഎസ്എസ് പോഷകസംഘടനകളായ ബജ്‌റങ്ദളിനും വിഎച്ച്പിക്കും വലിയ പങ്കുണ്ടെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്രൈസ്തവർക്ക് എതിരായ ആക്രമണങ്ങളെക്കുറിച്ച് കടുത്ത ഭാഷയിലാണ് കാതോലിക്കാ ബാവ പ്രതികരിച്ചത്.
മുൻപ് കന്യാസ്ത്രീകൾക്ക് നേരെയായിരുന്നു അതിക്രമം. ഇപ്പോൾ അത് വൈദികരിലേക്കും വ്യാപിച്ചിരിക്കുകയാണ്. പള്ളികൾക്ക് പുറത്തെ ക്രിസ്മസ് ആഘോഷങ്ങൾ പോലും തകർക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ഈ രീതി തുടർന്നാൽ വൈകാതെ പള്ളികൾക്കുള്ളിലും അക്രമികൾ കടന്നുകയറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഏതൊരു മതവിഭാഗത്തിലും തീവ്രനിലപാടുള്ളവർ ഉണ്ടായേക്കാമെന്നും അവരെ നിലക്കുനിർത്തേണ്ടത് ഭരണാധികാരികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകാത്തത് ഇത്തരം നീക്കങ്ങൾക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടോ എന്ന സംശയം ന്യൂനപക്ഷങ്ങൾക്കിടയിൽ ജനിപ്പിക്കുന്നുണ്ട്. ആരാധിക്കാനും ആരാധനാലയങ്ങൾ പണിയാനുമുള്ള അവകാശം ഭരണഘടന എല്ലാവർക്കും നൽകുന്നുണ്ടെന്നും, ഭരണഘടന ഉറപ്പുനൽകുന്ന ഈ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ബാവാ കൂട്ടിച്ചേർത്തു.
.jpg)
0 Comments