banner

അഷ്ടമുടിയിൽ ഡ്രൈനേജ് ശുചീകരണത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു


അഞ്ചാലുംമൂട് :  അഷ്ടമുടിയിൽ ഡ്രൈനേജ് ശുചീകരണത്തിനായി എത്തിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തൃക്കരുവ നടുവിച്ചേരി നടയിൽ പടിഞ്ഞാറ്റതിൽ സുരേഷ് കുമാറാണ് (53) മരിച്ചത്. അഷ്ടമുടി വിളപ്പുറം കായൽവാരത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയായിരുന്നു സംഭവം.

പരിസരത്തെ ഒരു വീട്ടിലെ ഡ്രൈനേജ് വൃത്തിയാക്കിയ ശേഷം ജോലി അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് സുരേഷ് കുമാർ പെട്ടെന്ന് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.

വർഷങ്ങളായി തൃക്കരുവ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റേഷൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു സുരേഷ് കുമാർ. അതിനിടയിൽ ഇത്തരത്തിലുള്ള മറ്റ് ജോലികളിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.

Post a Comment

0 Comments