banner

മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നു...!, കൊട്ടാരക്കരയിൽ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം


തിരുവനന്തപുരം / കൊല്ലം : മഹിളാ കോൺഗ്രസ് നേതാവും 2021-ലെ കൊട്ടാരക്കര യുഡിഎഫ് സ്ഥാനാർഥിയുമായ ആർ. രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദ്, എൻഡിഎ വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ബിജെപിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്നും കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും നൽകിയ പിന്തുണയും സ്നേഹവും നന്ദിയോടെ സ്മരിക്കുന്നുവെന്നും രശ്മി പ്രതികരിച്ചു. കൊട്ടാരക്കര നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട പാർട്ടി ആഭ്യന്തര തർക്കങ്ങളാണ് രശ്മിയുടെ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്ന വിലയിരുത്തൽ. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സീറ്റ് പരിഗണനയിലെ അസ്വസ്ഥതകളാണ് കാരണം എന്ന ചർച്ച സജീവമാണ്.

അതേസമയം, രശ്മിയുടെ പാർട്ടി മാറ്റത്തെ രാഷ്ട്രീയ ആയുധമാക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നതായി ആരോപണമുണ്ട്. ഫെബ്രുവരി 14-ന് രശ്മി ഫേസ്ബുക്കിൽ പങ്കുവച്ച രാഷ്ട്രീയ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് കോൺഗ്രസിന് രാഷ്ട്രീയമായി തിരിച്ചടിയാകുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ വിഷയത്തിന് അനാവശ്യ പ്രാധാന്യം നൽകേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

കൊട്ടാരക്കരയിൽ മുൻ മന്ത്രിയും ഇടത് നേതാവുമായ കെ.എൻ. ബാലഗോപാലിനെതിരെ ശക്തമായ മത്സരം കാഴ്ചവച്ച സ്ഥാനാർഥിയായിരുന്നു രശ്മി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ കൊട്ടാരക്കരയിൽ മത്സരിച്ച് 57,956 വോട്ടുകൾ (38.75 ശതമാനം) നേടി. അന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ 68,770 വോട്ടുകൾ (45.98 ശതമാനം) നേടി 10,814 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
 ശക്തമായ മത്സരം കാഴ്ചവെച്ച സ്ഥാനാർഥിയെന്ന നിലയിൽ മണ്ഡലത്തിൽ രശ്മിക്ക് വ്യക്തമായ രാഷ്ട്രീയ അടിത്തറ രൂപപ്പെട്ടിരുന്നു.

2016ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി. ഐഷാ പോറ്റി 83,443 വോട്ടുകൾ (55.44 ശതമാനം) നേടി വിജയിച്ചിരുന്നു. അന്നത്തെ കോൺഗ്രസ് സ്ഥാനാർഥി അഡ്വ. സവിൻ സത്യൻ 40,811 വോട്ടുകൾ (27.12 ശതമാനം) നേടി. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലെയും കണക്കുകൾ മണ്ഡലത്തിലെ രാഷ്ട്രീയ ശക്തിസമവാക്യങ്ങൾ വ്യക്തമാക്കുന്നതാണ്.

إرسال تعليق

0 تعليقات