അഞ്ചാലുംമൂട് : മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയതായി പരാതി. അഞ്ചാലുംമൂട് ജംഗ്ഷനിൽ ബി.ജെ.പി പ്രചാരണ അനൗൺസ്‌മെൻ്റ് വാഹനത്തിൽ നിന്നാണ് യുവാവ് വിവാദ പരാമർശം നടത്തിയതെന്ന് അറിയുന്നു.
കൊല്ലം നിയമസഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി ഡോ. പ്രതാപ് കുമാറിന് വേണ്ടി നടന്ന പ്രചാരണത്തിനിടെയാണ് സംഭവം. അനൗൺസ്‌മെൻ്റ് നടത്തുന്നതിനിടെ “ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എത്തുന്ന പിണറായി വിജയനെ കല്ലെറിയണോ, കൊല്ലണോ” എന്ന രീതിയിൽ മുഖ്യമന്ത്രി പിണറായിയെ ലക്ഷ്യമാക്കി ആഹ്വാനം നടത്തിയതായാണ് ആരോപണം.
ഇത് തുടർച്ചയായി ആവർത്തിച്ചതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളും വ്യാപാരികളും ബി.ജെ.പി നേതാക്കളെ വിവരമറിയിച്ചു. തുടർന്ന് നേതാക്കൾ ഇടപെട്ട് അനൗൺസ്മെൻ്റ് നിർത്തിവെയ്ക്കുകയായിരുന്നു.
അതേസമയം, കൊല്ലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്. ജയമോഹനന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുഖ്യമന്ത്രി അഞ്ചാലുംമൂട്ടിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. ദേവകി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രി എത്തിയത്.

0 Comments