banner

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി...!, അക്രമം ബാറിൽ ഉണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിൽ; അന്വേഷണം


കൊല്ലം : കടയ്ക്കലിൽ ബാറിൽ ഉണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കടക്കൽ വയല ശരത് ഭവനിൽ ശരത് ആണ് കൊല്ലപ്പെട്ടത്. അഞ്ചുമുക്കിലെ ഭാര്യവീട്ടിലായിരുന്നു ശരത്തിന്റെ താമസം.

ഇന്ന് വൈകിട്ട് 5.45ഓടെ പന്തളംമുക്കിന് സമീപമായിരുന്നു സംഭവം. ബാറിൽ മദ്യപിക്കാൻ എത്തിയ ശരത്തും രാഹുൽ എന്ന യുവാവും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ബാർ ജീവനക്കാർ ഇടപെട്ട് ഇരുവരെയും പറഞ്ഞു വിട്ടിരുന്നു.

ഇതിന് പിന്നാലെ ഓട്ടോറിക്ഷയിൽ എത്തിയ നാലംഗസംഘം ശരത്തിനെ പിൻതുടർന്ന് പന്തളംമുക്കിൽ വച്ച് കൈയിൽ കരുതിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ശരത് സമീപത്തെ ഒരു വീട്ടിലേക്ക് ഓടി കയറിയെങ്കിലും പിന്നാലെ എത്തിയ സംഘം ദേഹമാസകലം കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ശരത്തിനെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായതായി സൂചനയുണ്ട്. മറ്റുള്ളവർക്കായി കടയ്ക്കൽ പൊലീസ് അന്വേഷണം ശക്തമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments