banner

അഞ്ചാലുംമൂട്ടിലേത് വെറും 'കൂട്ടത്തല്ലല്ല', ആസൂത്രിതമായ നരഹത്യാശ്രമം; എട്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്


അഞ്ചാലുംമൂട് : കുപ്പണയിൽ നടന്നത് യുവാക്കൾ തമ്മിലുള്ള സംഘർഷമല്ലെന്നും മാരകായുധങ്ങളുമായെത്തിയ സംഘം നടത്തിയ ആസൂത്രിതമായ നരഹത്യാശ്രമമാണെന്നും പോലീസ്. സംഭവത്തിൽ എട്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. വിവാഹവീട്ടിലെ കൂട്ടത്തല്ല് എന്ന നിലയിൽ നേരത്തെ പുറത്തുവന്ന വിവരങ്ങൾ തെറ്റാണെന്ന് പോലീസ് എഫ്.ഐ.ആർ വ്യക്തമാക്കുന്നു. തൃക്കടവൂർ കോയിവിള തെക്കതിൽ നവീൻ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവർക്ക് നേരെയാണ് അക്രമിസംഘം വധശ്രമം നടത്തിയത്.
തൃക്കടവൂർ സ്വദേശികളായ അച്ചു (30), മഹേഷ് (35) എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ആറുപേർക്കുമെതിരെയാണ് കേസ്. 

ഇന്ന്  ഉച്ചയ്ക്ക് 12 മണിയോടെ കുപ്പണ കലാവിലാസിനി ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. ടെമ്പോ ട്രാവലറിൽ മാരകായുധങ്ങളുമായെത്തിയ സംഘം നവീനെ തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും കമ്പിവടി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുകയുമായിരുന്നു. നവീൻ ഒഴിഞ്ഞുമാറിയതിനാൽ തലയ്ക്ക് മാരകമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ ഈ അടി കൂടെയുണ്ടായിരുന്ന ഡൊമിനിക്കിന്റെ മൂക്കിന് കൊണ്ട് ഗുരുതരമായി പരിക്കേറ്റു.
മരണത്തിന് വരെ കാരണമായേക്കാവുന്ന രീതിയിലാണ് ഒന്നാം പ്രതി കമ്പിവടി കൊണ്ട് ആക്രമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ന്യായവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 

Post a Comment

0 Comments