banner

കോൺഗ്രസ് - ബി.ജെ.പി വോട്ട് കച്ചവടം നടന്നതായി ആരോപണം...!, കൊല്ലത്തെ കനത്ത തോൽവി സമഗ്രമായി പരിശോധിക്കുമെന്ന് സി.പി.എം

കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലുണ്ടായ കനത്ത തോൽവി എല്ലാതലങ്ങളിലും സമഗ്രമായി പരിശോധിക്കുമെന്നും രാഷ്ട്രീയവും സംഘടനാപരവുമായ വീഴ്ചകൾ പരിഹരിച്ച് ജനവിശ്വാസം വീണ്ടെടുക്കുമെന്നും സി.പി.എം ജില്ലാകമ്മിറ്റി വ്യക്തമാക്കി. ജില്ലയിൽ യു.ഡി.എഫ് നേടിയ വിജയം ബി.ജെ.പി വോട്ടിന്റെ കൂടി ബലത്തിലാണെന്നും കോൺഗ്രസ് - ബി.ജെ.പി വോട്ട് ഡീൽ വ്യക്തമാണെന്നും രണ്ടുദിവസമായി ചേർന്ന ജില്ലാകമ്മിറ്റി യോഗം വിലയിരുത്തി. പ്രതികൂല സാഹചര്യത്തിലും ജില്ലയിൽ എൽ.ഡി.എഫിന് 6.29 ലക്ഷം വോട്ടുകൾ ലഭിച്ചത് മുന്നണിയുടെ സ്വാധീനം ശക്തമാണെന്നതിന്റെ തെളിവാണ്. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് രണ്ടും യു.ഡി.എഫിന് എട്ടും സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ചാത്തന്നൂർ സീറ്റ് എൻ.ഡി.എ നേടിയത് രാഷ്ട്രീയമായും സാമൂഹ്യമായും വിപത്ക്കരമാണെന്നും ഇതിന് പിന്നിലെ യു.ഡി.എഫ് - എൻ.ഡി.എ വോട്ട് മറിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.

കൊല്ലം അസംബ്ലി മണ്ഡലത്തിൽ തദ്ദേശതെരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് 32,264 വോട്ട് ലഭിച്ച സ്ഥാനത്ത് ഇത്തവണ അത് 18,537 ആയി കുറഞ്ഞു. ബി.ജെ.പി വിജയിച്ച കോർപ്പറേഷൻ ഡിവിഷനുകളായ തേവള്ളി, ആശ്രാമം, ഉളിയക്കോവിൽ ഈസ്റ്റ്, ഉളിയക്കോവിൽ വെസ്റ്റ്, കടപ്പാക്കട, അറുനൂറ്റിമംഗലം എന്നിവടങ്ങളിലും പനയം പഞ്ചായത്തിലെ ചാറുകാട്, ഗുരുകുലം, പനയം, പെരുമൺ എൽ.പി.എസ്, തൃക്കരുവ പഞ്ചായത്തിലെ അഷ്ടമുടി, ഫ്രണ്ട്സ് ക്ലബ്ബ് എന്നീ ബി.ജെ.പി ജയിച്ച വാർഡുകളിലെ ഒരു ബൂത്തിൽ പോലും എൻ.ഡി.എയ്ക്ക് ലീഡില്ലാത്തത് വോട്ട് കച്ചവടത്തിന്റെ ഭാഗമായാണ്. ഇരവിപുരം മണ്ഡലത്തിലും യു.ഡി.എഫിന് എൻ.ഡി.എ വോട്ട് മറിച്ചു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ 22,544 വോട്ടുണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ അത് 10,469 ആയി കുറഞ്ഞു. പത്തനാപുരത്തും കൊട്ടാരക്കരയിലും ഈ വോട്ട് ഡീൽ പ്രകടമാണ്. പത്തനാപുരത്ത് തദ്ദേശതെരഞ്ഞെടുപ്പിൽ 28,579 വോട്ട് (18.35%) എൻ.ഡി.എ നേടിയ സ്ഥാനത്ത് ഇത്തവണ കേവലം 7,031 വോട്ട് (5.11%) മാത്രമാണ് ലഭിച്ചത്. കൊട്ടാരക്കരയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് 37,207 വോട്ടായിരുന്നെങ്കിൽ ഇത്തവണ 20,664 ആയി കുറഞ്ഞു.

ജില്ലയിലൊട്ടാകെ കോൺഗ്രസ്സ് - ബി.ജെ.പി വോട്ട് അന്തർധാര വ്യക്തമാണെന്നും യു.ഡി.എഫ് നേടിയ തെരഞ്ഞെടുപ്പ് വിജയത്തിൽ ഇത് പ്രധാന ഘടകമായിരുന്നു എന്നുമാണ് സി.പി.എം വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന യോഗത്തിൽ എസ്. ജയമോഹൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എസ്. സുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. മുന്നണിക്ക് വോട്ട് ചെയ്യുകയും വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്ത എല്ലാവർക്കും ജില്ലാകമ്മിറ്റി നന്ദി അറിയിച്ചു.

Post a Comment

0 Comments