ചെന്നൈ : പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ (85) നദിയിൽചാടി ജീവനൊടുക്കി. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം തുടങ്ങി. ചെന്നൈയിലെ അഡയാർ നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നടൻ പ്രഭുകാന്ത് മകനാണ്.
1983ൽ ബ്രഹ്മചാരിഗൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ സിനിമാനിർമാണ രംഗത്തേക്ക് വരുന്നത്. 1991ൽ ‘നമ്മ ഊരു മാരിയമ്മ’ എന്ന ചിത്രം സംവിധാനം ചെയ്തു. നിഴൽഗൾ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഉണര്‍ച്ചിഗൾ എന്ന മറ്റൊരു ചിത്രവും സംവിധാനം ചെയ്തു. ഗണേഷ് സിനി ആർട്സ് എന്ന നിർമാണക്കമ്പനി സ്ഥാപിച്ച് അനേകം സിനിമകൾ നിർമിച്ചിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
അടുത്തിടെ തമിഴ് സിനിമാരംഗത്തെക്കുറിച്ച് രാജൻ വിവാദ പരാമർശങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. നിർമാതാക്കൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെക്കുറിച്ചും സിനിമാരംഗത്തെ മോശം പ്രവണതകളെക്കുറിച്ചും അദ്ദേഹം പൊതുപരിപാടികളും യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. ഇത് വലിയ വിവാദവുമായി.
കെ.രാജന്റെ മരണത്തിൽ സിനിമാരംഗത്തെ പ്രമുഖർ ഞെട്ടൽ രേഖപ്പെടുത്തി. മരണ വാർത്ത ഞെട്ടിച്ചെന്നും തുറന്നു സംസാരിക്കുന്ന വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്നും ഖുഷ്ബു സുന്ദർ പ്രതികരിച്ചു. തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാർ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
%20(12)%20(1).jpg)
0 Comments