കൊല്ലം : കാൽനൂറ്റാണ്ടുകാലം പത്തനാപുരം എന്ന മണ്ഡലത്തെ തന്റെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാക്കി നിർത്തിയ കെ.ബി. ഗണേഷ് കുമാറിന്റെ പരാജയം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. പത്തനാപുരത്തെ ഗണേഷിന്റെ പതനം കേവലം ഒരു സ്ഥാനാർത്ഥിയുടെ തോൽവി എന്നതിലുപരി, കേരള കോൺഗ്രസ് (ബി) എന്ന രാഷ്ട്രീയ പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കമാണോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. പാർട്ടിയുടെ ഒടുവിലത്തെ കനലും കെട്ട അവസ്ഥയിലാണ് ഇപ്പോൾ അണികൾ.
വിശ്വാസം തകർന്ന് അണികൾ
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വേളയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രവർത്തകരെയാണ് കേരള കോൺഗ്രസ് (ബി) തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഇടതുമുന്നണിയുടെ തുടർഭരണവും ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനവും ഉയർത്തിക്കാട്ടി, അധികാരത്തിന്റെ തണലിൽ പാർട്ടി വളർത്താമെന്ന വാഗ്ദാനത്തിലാണ് മറ്റ് പാർട്ടികളിൽ നിന്നും സ്വതന്ത്ര നിലപാടുകളിൽ നിന്നും ആളുകൾ ഈ പാർട്ടിയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയോടെ ഈ പ്രവർത്തകർ ഇപ്പോൾ രാഷ്ട്രീയമായ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അപ്രമാദിത്യം അവസാനിക്കുമ്പോൾ
ആർ. ബാലകൃഷ്ണപിള്ള എന്ന കരുത്തനായ നേതാവ് പടുത്തുയർത്തിയ പാർട്ടി അദ്ദേഹത്തിന്റെ കാലശേഷം ഗണേഷ് കുമാറിലൂടെയാണ് നിലനിന്നുപോന്നത്. പത്തനാപുരത്ത് ഗണേഷിന് ലഭിക്കുന്ന വ്യക്തിപരമായ വോട്ടുകളായിരുന്നു പാർട്ടിയുടെ ഏക ആസ്തി. ആ ഉരുക്കുകോട്ടയിലാണ് ഇക്കുറി വിള്ളൽ വീണത്. പാർട്ടിയുടെ നട്ടെല്ലായിരുന്ന പത്തനാപുരത്തെ പരാജയം ജില്ലയിലെ മറ്റ് ഭാഗങ്ങളിലുള്ള പ്രവർത്തകരുടെ ആത്മവീര്യം പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനമില്ലാത്ത, എം.എൽ.എ പോലുമല്ലാത്ത ഒരു സാഹചര്യം പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
തുടർഭരണമെന്ന മോഹം പൊലിഞ്ഞു
തുടർഭരണമുണ്ടാകുമെന്നും ഗണേഷ് കുമാർ വീണ്ടും അധികാരത്തിൽ വരുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് താഴെത്തട്ടിലുള്ള പ്രവർത്തകർ പാർട്ടിക്കായി വിയർപ്പൊഴുക്കിയത്. എന്നാൽ ഫലം പുറത്തുവന്നതോടെ തങ്ങൾ വിശ്വസിച്ച രാഷ്ട്രീയ കേന്ദ്രത്തിന് അടിതെറ്റിയത് ഇവർക്ക് തിരിച്ചടിയായി. മറ്റ് മുന്നണികളിൽ നിന്നും എത്തിയവർക്ക് കൃത്യമായ രാഷ്ട്രീയ ദിശാബോധം നൽകാൻ കഴിയാത്തതും, പാർട്ടിയുടെ സംഘടനാ സംവിധാനം ഗണേഷ് കുമാർ എന്ന വ്യക്തിയിൽ മാത്രം കേന്ദ്രീകരിച്ചതും തിരിച്ചടിയുടെ ആക്കം കൂട്ടി. കെ.ബി. ഗണേഷ് കുമാർ എന്ന നേതാവിന്റെ തണലിൽ മാത്രം ശ്വസിച്ചിരുന്ന കേരള കോൺഗ്രസ് (ബി) ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നത് കണ്ടറിയണം. മണ്ഡലത്തിലെ ജനവിധി പാർട്ടിയുടെ ഭാവി തന്നെ ഇരുളടഞ്ഞതാക്കിയിരിക്കുകയാണ്.
.jpg)
0 Comments