അഞ്ചാലുംമൂട് : മരണപ്പാച്ചിലായി കൊല്ലം ബൈപ്പാസ്; അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുരീപ്പുഴ പുത്തൻപുരയ്ക്കൽ യു.പി.എസ് നഗറിൽ ബാബു (48) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാത്രി 7.30-ഓടെ കുരീപ്പുഴ ബീവറേജസിന് മുൻവശത്തായിരുന്നു നാടിനെ നടുക്കിയ അപകടം.
ബൈപ്പാസ് മുറിച്ചുകടക്കുകയായിരുന്ന ബാബുവിനെ കൊല്ലം ഭാഗത്തുനിന്നും അതിവേഗത്തിലെത്തിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കാറിടിച്ച് തെറിച്ചുവീണ ബാബുവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ പാലത്തറ എൻ.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കാർ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ: റംല. മക്കൾ: നിഷാദ്, നിയാസ്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന്.

0 تعليقات