അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി ജംഗ്ഷന് സമീപം പാതയോരത്ത് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് പതിവാകുന്നു. ദിനംപ്രതി നൂറിലധികം വാഹനങ്ങൾ കടന്നുപോകുന്ന പാതയോരത്താണ് ദുർഗന്ധം വമിക്കുന്ന രീതിയിൽ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത്. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും അടുത്തിടെ വൃത്തിയാക്കിയ സ്ഥലമാണ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും മലിനമായത്.
കടുത്ത വേനലിനിടെ കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ ചാക്കുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. ഇവ ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്നതിനൊപ്പം കൊതുകുകൾ പെരുകാനും സാധ്യതയുണ്ട്. ദുർഗന്ധം കാരണം കാൽനടയാത്രികർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കുകയാണ്.
തൃക്കരുവ പഞ്ചായത്തിലെ ഞാറയ്ക്കൽ വാർഡിൽ ഉൾപ്പെടുന്ന പഴയ തിയേറ്റർ പരിസരം, എരുമല പൊരുന്നൽ ഓട എന്നിവിടങ്ങളിലും സമാനമായ അവസ്ഥയാണ്. ഓടയിൽ കിടപ്പുരോഗികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ തള്ളുന്നുണ്ട്. ചില വ്യാപാര സ്ഥാപനങ്ങളും സാമൂഹിക വിരുദ്ധരും ഇവിടെ മാലിന്യമുപേക്ഷിക്കുന്നതായി പരാതിയുണ്ട്. മാലിന്യ നിക്ഷേപം രൂക്ഷമായ കാഞ്ഞിരംകുഴി, ആനചുട്ടമുക്ക്, പി.എൻ.എം ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് വാർഡ് അംഗം പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിട്ടുണ്ട്.
.jpg)
0 Comments