banner

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലംമാറ്റം; ഭരണമാറ്റത്തിന് പിന്നാലെ ആഭ്യന്തരവകുപ്പിൽ അഴിച്ചുപണി തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് തൊട്ടുപിന്നാലെ പോലീസ് സേനയിൽ പ്രമുഖ ഇടത് അനുകൂല സംഘടനാ നേതാക്കൾക്കെതിരെ സ്ഥലംമാറ്റ നടപടിയുമായി ആഭ്യന്തരവകുപ്പ്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സി.ആർ. ബിജു എന്നിവരെ ലോ ആൻഡ് ഓർഡറിലേക്ക് അടിയന്തരമായി സ്ഥലംമാറ്റി ഡി.ജി.പി ഉത്തരവിറക്കി. വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പോലീസ് സേനയിൽ ആരംഭിച്ച അഴിച്ചുപണിയുടെ ആദ്യ ഘട്ടമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ പത്ത് വർഷമായി യൂണിഫോം ധരിക്കാതെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ ജോലി നോക്കുകയായിരുന്ന ഉദ്യോഗസ്ഥരാണ് ഇരുവരും. സ്പെഷ്യൽ ബ്രാഞ്ചിൽ സി.ഐ റാങ്കിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിനെ തലസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിലൊന്നായ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ്.എച്ച്.ഓ (Statin House Officer) ആയിട്ടാണ് നിയമിച്ചിരിക്കുന്നത്. കൊച്ചിയിൽ സ്പെഷ്യൽ ബ്രാഞ്ചിലായിരുന്ന ജനറൽ സെക്രട്ടറി സി.ആർ. ബിജുവിനെ കൊച്ചി സിറ്റി പോലീസിലേക്കാണ് താൽകാലികമായി മാറ്റിയിട്ടുള്ളത്. ഇദ്ദേഹത്തെ ഏത് സ്റ്റേഷനിലേക്ക് നിയോഗിക്കണമെന്നത് സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അടുത്ത ദിവസങ്ങളിൽ ഉത്തരവിറക്കും. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംസ്ഥാന പോലീസ് മേധാവി സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.

പിന്നിൽ രാഷ്ട്രീയമെന്ന് അസോസിയേഷൻ; സ്വാഭാവിക നടപടിയെന്ന് മറുപക്ഷം

പൊതുസ്ഥലംമാറ്റ പട്ടികയ്ക്ക് (General Transfer) കാത്തുനിൽക്കാതെ, പ്രത്യേക ഉത്തരവിലൂടെ ഡി.ജി.പി ഇത്തരമൊരു നടപടി സ്വീകരിച്ചതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് പോലീസ് അസോസിയേഷൻ നേതൃത്വം ആരോപിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുന്നിൽ നിന്നു പ്രവർത്തിച്ച നേതാക്കളെ ലക്ഷ്യമിട്ടുള്ള പ്രതികാര നടപടിയാണിതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി പോലീസ് യൂണിഫോം പോലും ധരിക്കാതെ സ്പെഷ്യൽ ബ്രാഞ്ചിൽ തുടർന്നവരെ ക്രമസമാധാന ചുമതലയിലേക്ക് തിരികെ കൊണ്ടുവരുന്ന സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് പോലീസിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കളുടെ പക്ഷം. ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റെടുത്ത രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം വരുംദിവസങ്ങളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേതടക്കം കൂടുതൽ സ്ഥലംമാറ്റ ഉത്തരവുകൾ പുറത്തിറങ്ങുമെന്നാണ് സൂചന.

Post a Comment

0 Comments