banner

നാളത്തെ വോട്ടെണ്ണലിന് കേരളം സജ്ജം...!, ആദ്യം എണ്ണുക പോസ്റ്റൽ വോട്ട്; ഒമ്പതു മണിയോടെ ആദ്യ ഫലസൂചനകള്‍


തിരുവനന്തപുരം : കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. 20,028 സര്‍വീസ് പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി തിരികെ ലഭിച്ചതോടെ ആകെ വോട്ടിങ് ഏകദേശം 79.70 ശതമാനം ആയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

17,565 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. 32,301 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാച്ചുമതലയ്ക്ക് നിയോഗിച്ചിട്ടുണ്ട്.

രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റൽ വോട്ടുകള്‍ എണ്ണിക്കൊണ്ടാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. പോസ്റ്റൽ വോട്ടുകള്‍ക്ക് ശേഷമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുകയുള്ളൂ.

ഒമ്പതു മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ സ്ഥാനാര്‍ഥികളുടേയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ രാവിലെ ഏഴോടെ തുറക്കും. തത്സമയ വീഡിയോ റെക്കോര്‍ഡിങ് ഉണ്ടാകും.

വോട്ടെണ്ണല്‍ കഴിഞ്ഞ് 48 മണിക്കൂര്‍വരെ പെരുമാറ്റ ചട്ടം നിലനില്‍ക്കും. മെയ് ആറുവരെയാണ് നിലവില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന് ഇതില്‍ മാറ്റംവരുത്താന്‍ അധികാരമുണ്ട്. ആഹ്ലാദ പ്രകടനത്തില്‍ നിയന്ത്രണംവരുത്താന്‍ ജില്ലാ ഭരണസംവിധാനങ്ങള്‍ക്ക് അവകാശമുണ്ടെന്നും രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.

إرسال تعليق

0 تعليقات