ശാസ്താംകോട്ട : കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരികൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ 'അദ്വൈതം' വീട്ടിൽ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ വ്യാജ പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു താമസിച്ചായിരുന്നു ഇവരുടെ ലഹരി വ്യാപാരം.
തുമ്പുണ്ടാക്കിയത് പഴയ കേസ്
കഴിഞ്ഞ ഫെബ്രുവരിയിൽ ശാസ്താംകോട്ട ഐ.സി.എസ് ജംഗ്ഷനിൽ നിന്ന് 23 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവതി പിടിയിലായിരുന്നു. ഈ കേസിലെ രണ്ടാം പ്രതി ഷംനാദിനെ കസ്റ്റഡിയിൽ വാങ്ങി ബംഗളൂരുവിൽ തെളിവെടുപ്പിന് കൊണ്ടുപോയതാണ് വഴിത്തിരിവായത്. ഷംനാദിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആദ്യം മൂന്ന് പേർ വലയിലായി. ഇവരെ ചോദ്യം ചെയ്തതോടെയാണ് ലഹരിമരുന്ന് ശൃംഖലയുടെ സൂത്രധാരന്മാരിലേക്ക് പൊലീസ് എത്തിയത്.
വിദ്യാർത്ഥിനിയും കൊടുംകുറ്റവാളിയും
പിടിയിലായ അദ്വൈത ബംഗളൂരുവിൽ റേഡിയോളജി വിദ്യാർത്ഥിനിയാണ്. പഠനത്തോടൊപ്പം വർഷങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഇവർ ലഹരിമരുന്ന് എത്തിച്ചു വരികയായിരുന്നു. കൂട്ടുപ്രതിയായ മുഹമ്മദ് സിജാഹ് നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം അമരവിളയിൽ 75 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലും കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിലെ എക്സൈസ് കേസുകളിലും ഇയാൾ പ്രതിപ്പട്ടികയിലുണ്ട്.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡി.വൈ.എസ്.പി പ്രസാദ്, എസ്.എച്ച്.ഒ മൃദുൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ ശരത് കെ.പി, എ.എസ്.ഐ ബിജു കെ.ആർ, സി.പി.ഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻ കുമാർ, വുമൺ സി.പി.ഒ അഞ്ചു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

0 Comments