കൊല്ലം : പുലർച്ചെ രണ്ടുമണിയോടെ കൊല്ലം നഗരത്തെ ഭീതിയിലാഴ്ത്തി വൻ അഗ്നിബാധ. ചാമക്കട മാർക്കറ്റിന് സമീപം വടയാറ്റുകോട്ടയിൽ പ്രവർത്തിക്കുന്ന ‘റൊമാൻസ്’ എന്ന പ്രമുഖ തുണിക്കടയിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. കട പൂർണ്ണമായും അഗ്നിക്കിരയായി.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നതോടെ സമീപത്തെ കടകളിലേക്കും തീ പടരുമെന്ന ആശങ്ക പരന്നു. ചാമക്കട, കടപ്പാക്കട തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിന്നായി ഏഴോളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് അതിസാഹസികമായി തീ നിയന്ത്രണവിധേയമാക്കിയത്.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. കടയ്ക്കുള്ളിലെ വസ്ത്രങ്ങൾ കത്തിനശിച്ചത്തി വിവരമുണ്ട്. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പുലർച്ചെയായതിനാൽ വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ചാമക്കട നിവാസികൾ.

0 Comments