banner

യു.ഡി.എഫ് മന്ത്രിസഭ: കൊല്ലത്ത് നിന്ന് മൂന്ന് മന്ത്രിമാർ; കോൺഗ്രസിൽ അന്തിമ ചർച്ചകൾ പുരോഗമിക്കുന്നു

തിരുവനന്തപുരം / കൊല്ലം : പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള അന്തിമ ചര്‍ച്ചകള്‍ തലസ്ഥാനത്ത് പുരോഗമിക്കുമ്പോള്‍, സമുദായ-ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കൊപ്പം പ്രാദേശിക പ്രാതിനിധ്യവും തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുന്നു. പത്തുവര്‍ഷത്തിനുശേഷം ഭരണത്തിലെത്തുന്ന പുതിയ മന്ത്രിസഭയില്‍ കൊല്ലം ജില്ലയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ജില്ലയില്‍ നിന്ന് മൂന്ന് അംഗങ്ങള്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയും നിയുക്ത ചവറ എം.എ.എൽ.എ.യുമായ ഷിബു ബേബി ജോൺ മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിന് പുറമെ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റും നിയുക്ത കുണ്ടറ എം.എ.എൽ.എ.യുമായ പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗവും നിയുക്ത കൊല്ലം എം.എ.എൽ.എ.യുമായ ബിന്ദുകൃഷ്ണ എന്നിവരും വി.ഡി. സതീശൻ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. 2001-2004 കാലത്തെ എ.കെ. ആന്റണി മന്ത്രിസഭയിൽ കടവൂർ ശിവദാസൻ മന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് കൊല്ലം ജില്ലയിൽ നിന്ന് കോൺഗ്രസിന് ഭരണപ്രാതിനിധ്യം ലഭിക്കുന്നത്. കുണ്ടറയിൽ നിന്ന് രണ്ടാംതവണയും നിയമസഭയിലെത്തുന്ന പി.സി. വിഷ്ണുനാഥിന് മുൻപ് ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ചുള്ള പ്രവർത്തനപരിചയവും ഗ്രൂപ്പ് സമവാക്യങ്ങളും തുണയാവുകയായിരുന്നു. കൊല്ലത്തു നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ബിന്ദുകൃഷ്ണയ്ക്ക് സാമൂഹിക സാഹചര്യങ്ങളും ഗ്രൂപ്പ് പിന്തുണയും അനുകൂല ഘടകങ്ങളായി. പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാറിനെ അട്ടിമറിച്ച ജ്യോതികുമാർ ചാമക്കാലയെയും മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന ശക്തമായ ആവശ്യം അണികൾക്കിടയിൽ നിന്നുയരുന്നുണ്ട്.

അതേസമയം, മുഖ്യമന്ത്രി ഉള്‍പ്പെടെ കോൺഗ്രസിൽ പത്തു പേര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇതില്‍ സിംഹഭാഗവും നായര്‍ സമുദായത്തിനാണ് ലഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്‍ എന്നിവരടങ്ങുന്ന അഞ്ച് നായര്‍ പ്രതിനിധികളാണ് കോണ്‍ഗ്രസ് പട്ടികയിലെ പ്രബല സാന്നിധ്യം. സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈഴവ സമുദായത്തില്‍ നിന്ന് രണ്ട് പ്രതിനിധികളെ നിലവില്‍ മന്ത്രിസഭയില്‍ ഉറപ്പിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നുള്ള ഡി.സി.സി. മുന്‍ പ്രസിഡന്റ് എം. ലിജുവും കൊല്ലത്തെ ബിന്ദു കൃഷ്ണയുമാണ് ഈഴവ പ്രതിനിധികളായി മന്ത്രിമാരാകുക. ഇവര്‍ക്ക് പുറമെ ദളിത് പ്രാതിനിധ്യമായി എ.പി. അനില്‍കുമാറും, ക്രൈസ്തവ മുഖമായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും പട്ടികയില്‍ ഇടംപിടിച്ചു. മലബാറില്‍ നിന്നുള്ള മുസ്ലിം പ്രാതിനിധ്യമായി കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖും ക്യാബിനറ്റിലേക്ക് എത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എ.എല്‍.യുമായ ചാണ്ടി ഉമ്മന്‍ അവസാന നിമിഷം മന്ത്രിസഭാ സാധ്യതകളില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നത് കോട്ടയം ജില്ലയില്‍ നിന്നും മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരുന്നതിനാലാണ്. ഒരേ ജില്ലയില്‍ നിന്നും രണ്ടുപേരെ മന്ത്രിമാരാക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പാർട്ടി നേതൃത്വം ചാണ്ടി ഉമ്മനെ മാറ്റിനിർത്തിയത്. ടി. സിദ്ദിഖിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ട്. ഇതോടെ അന്‍വര്‍ സാദത്തിനും ഷാനിമോള്‍ ഉസ്മാനും ആദ്യ ഘട്ടത്തിൽ സാധ്യത അടഞ്ഞു. വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്തിയേക്കില്ലെന്നാണ് പുതിയ വിവരം.

ചില പ്രമുഖ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കളെയും സമുദായ സമവാക്യങ്ങള്‍ പാലിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തലത്തില്‍ ഇപ്പോഴും ഊര്‍ജ്ജിതമായ ആലോചനകള്‍ നടക്കുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി എം.എ.എല്‍. ഐ.സി. ബാലകൃഷ്ണന്‍, ആലുവ എം.എ.എല്‍. അന്‍വര്‍ സാദത്ത്, മുതിര്‍ന്ന വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെ മന്ത്രിമാരായി പരിഗണിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഈഴവ സമുദായത്തില്‍ നിന്നും മൂന്നാമതൊരു മന്ത്രിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം വന്നതോടെ ജയന്ത്, ഇടുക്കിയില്‍ നിന്നുള്ള സേനാപതി വേണു എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡ് സജീവമായി പരിഗണിക്കുന്നത്. കോണ്‍ഗ്രസ് പട്ടികയില്‍ ദളിത് പ്രതിനിധികളായി വി.പി. സജീന്ദ്രന്‍, കെ.എ. തുളസി എന്നിവര്‍ക്കും മന്ത്രിമാരാകാന്‍ ശക്തമായ സാധ്യത കല്‍പ്പിക്കുന്നുണ്ട്. ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാനും ആലോചനയുണ്ട്. യുവനിരയില്‍ നിന്നും ശക്തമായ ഇടപെടലുകളിലൂടെ ശ്രദ്ധേയരായ അങ്കമാലി എം.എ.എല്‍. റോജി എം. ജോണ്‍, മൂവാറ്റുപുഴ എം.എ.എല്‍. മാത്യു കുഴല്‍നാടന്‍ എന്നിവരെയും പുതിയ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. പതിവായി കൈകാര്യംചെയ്തിരുന്ന തൊഴിൽവകുപ്പിനു പുറമേ, ജലസേചനം, വനം, ടൂറിസം എന്നീ വകുപ്പുകളിൽ ഒന്നുകൂടി ആർ.എസ്.പി. ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകൾ ഏതായിരിക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ഘടകകക്ഷികളുടെ വകുപ്പുകൾ സംബന്ധിച്ച് ധാരണയായശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകൂ. സമുദായ സമവാക്യങ്ങളും ഗ്രൂപ്പ് താല്പര്യങ്ങളും കൃത്യമായി സംയോജിപ്പിച്ചുകൊണ്ടുള്ള അന്തിമ മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോടെ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പുറത്തുവിടും.

Post a Comment

0 Comments