കൊല്ലത്ത് വ്യാജരേഖകൾ ചമച്ച് നിയമവിരുദ്ധമായി അവയവ വിൽപ്പനയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇടനിലക്കാരിയെന്ന് സംശയിക്കുന്ന വീട്ടമ്മയെ കിളികൊല്ലൂർ പോലീസ് പിടികൂടി. കല്ലുംതാഴം വലിയമഠം കളരി കിഴക്കതിൽ വീട്ടിൽ ശ്രീജയെയാണ് (40) ഇൻസ്പെക്ടർ ജയപ്രകാശ് വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതിയായ കാസർഗോഡ് സ്വദേശി മുഹമ്മദ് നജീബ് കല്ലത്രയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം വാഗ്ദാനം ചെയ്ത് വശീകരിച്ച് അവയവ വിൽപ്പനയ്ക്കായി ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നാണ് എഫ്.ഐ.ആറിലെ വിവരം. 2025 ഒക്ടോബർ മാസം മുതൽ പ്രതികൾ ഇതിനായി ഗൂഢാലോചന നടത്തിയതായും എഫ്.ഐ.ആർ വ്യക്തമാക്കുന്നു. വിനോദ് എന്നയാളെ പ്രലോഭിപ്പിച്ച് എറണാകുളത്തുള്ള നിഷാത്ത് ഫാത്തിമയ്ക്ക് വൃക്ക വിൽക്കുന്നതിനായി വ്യാജരേഖകൾ നിർമ്മിച്ചതായും ഈ രേഖകൾ അസ്സലാണെന്ന് വിശ്വസിപ്പിച്ച് കൈമാറിയതായും റിപ്പോർട്ടിലുണ്ട്.
പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയാൽ നിർണ്ണായക രേഖകൾ ലഭിക്കുമെന്ന വിവരത്തെത്തുടർന്നാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്. കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് വാങ്ങുന്ന സമയം കൊണ്ട് തെളിവുകൾ നശിപ്പിക്കപ്പെട്ടേക്കാം എന്ന ബോധ്യത്തിലാണ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. വീടിനുള്ളിലെ ഹാൾ മുറിയിലെ മേശപ്പുറത്ത് നിന്ന് ഇടപാടുകാരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ പേപ്പറും കൃത്യത്തിനായി ഉപയോഗിച്ച റിയൽമി മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.
ഓരോ ഇരയെയും കണ്ടെത്തി നൽകുന്നതിന് നജീബ് ഇവർക്ക് കമ്മീഷൻ നൽകിയിരുന്നതായി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 61, 338, 339, 340, 3(5) എന്നീ വകുപ്പുകൾ പ്രകാരം ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കും കേസെടുത്ത പോലീസ് അന്വേഷണം വിപുലമാക്കി. ഇൻസ്പെക്ടർ ജയപ്രകാശ് വി, ജി.എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഒ രാജഗോപാൽ, സി.പി.ഒമാരായ ബിനിൽ, ജീനാമോൾ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

0 Comments