കൊല്ലം: ശക്തമായ തിരയിൽപ്പെട്ട് നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളുടെ മരുമകനെയും കൊച്ചുമകനെയും കടലിൽ കാണാതായി. വള്ളത്തിലുണ്ടായിരുന്ന മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെ 11 പേരെ മറ്റ് മത്സ്യബന്ധന വള്ളങ്ങളിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം.
നീണ്ടകര പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) ആണ് മരിച്ചത്. രാജീവന്റെ മകൾ രജിഷ്മയുടെ ഭർത്താവ് പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47), ഇവരുടെ മകൻ ഗൗതം കൃഷ്ണ (26) എന്നിവരെയാണ് കാണാതായത്. ഗൗതംകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള 'ശ്രീകൃഷ്ണഭഗവാൻ' എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
പുത്തൻതുറയിൽ നിന്ന് 14 പേരുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം നീണ്ടകര അഴിമുഖത്ത് എത്തിയപ്പോഴാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. തൊട്ടുമുന്നിലുണ്ടായിരുന്ന മഹാലക്ഷ്മി, പണ്ടകശാല എന്നീ വള്ളങ്ങളിലെ തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തി. രാജീവൻ ഉൾപ്പെടെ 11 പേരെ കരയ്ക്കെത്തിച്ചെങ്കിലും രാജീവന്റെ ജീവൻ രക്ഷിക്കാനായില്ല.
കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ചേർന്ന് മുങ്ങിയ വള്ളം ശക്തികുളങ്ങര തുറമുഖത്തെത്തിച്ച് ക്രെയിൻ ഉപയോഗിച്ച് കരയ്ക്കുകയറ്റി. രാധാകൃഷ്ണനും ഗൗതംകൃഷ്ണനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
സുമംഗലയാണ് രാജീവന്റെ ഭാര്യ. മക്കൾ: രജിഷ്മ, രേഷ്മ, രാജിമോൻ. മരുമക്കൾ: രാധാകൃഷ്ണൻ, ഓമനക്കുട്ടൻ, ജിജി.

0 Comments