ഡൽഹി : ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ രക്ഷപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച് യുവാവ്. ന്യൂഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. അഞ്ച് മിനിട്ടോളം ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരൻ്റെ മുഖത്ത് ഇയാൾ പലതവണ അടിക്കുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ഗുരുഗ്രാമിലെ ‘ദി ക്ലോസ് നോർത്ത് സൊസൈറ്റി’യിലാണ് സംഭവമുണ്ടായത്. ഇവിടുത്തെ താമസക്കാരനായ വരുൺ നാഥ് എന്ന യുവാവ് 14ആം നിലയിൽ നിന്ന് താഴേക്ക് വന്നുകൊണ്ടിരിക്കെ ഇയാൾ ലിഫ്റ്റിൽ കുടുങ്ങി. ഇതേ തുടർന്ന് ലിഫ്റ്റിലെ ഇൻ്റർകോമിലൂടെ ഇയാൾ അശോക് എന്ന സെക്യൂരിറ്റി ഗാർഡിനെ വിവരമറിയിച്ചു.
തുടർന്ന് ലിഫ്റ്റ്മാനുമായി അശോക് സ്ഥലത്തെത്തി. അഞ്ച് മിനിട്ട് നേരത്തെ പരിശ്രമത്തിനു ശേഷമാണ് വരുൺ നാഥിനെ രക്ഷപ്പെടുത്താനായത്. ഇതിൽ കോപാകുലനായ വരുൺ നാഥ് സെക്യൂരിറ്റി ഗാർഡിനെ മർദ്ദിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഇവിടുത്തെ സെക്യൂരിറ്റി ഗാർഡുകൾ പണിമുടക്കിലാണ്. രാവും പകലും ഇവർക്കായാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും ചിലർ തങ്ങളെ അടിമകളെപ്പോലെയാണ് കാണുന്നതെന്നും സെക്യൂരിറ്റി ഗാർഡുകൾ പറഞ്ഞു. വരുൺ നാഥിനെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(5).jpg)
0 Comments