banner

യുവതിയെ വീട്ടിൽ നിന്നും കാണാതായി!, പിന്നാലെ കാമുകനെ മർദിച്ച് അവശനാക്കി; യുവതിയുടെ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം : യുവതിയെ വീട്ടിൽ നിന്നും കാണാതായതിന് പിന്നാലെ കാമുകനെ മർദിച്ചവശനാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. യുവതിയുടെ ബന്ധുക്കളായ സപുളിയറക്കോണം കാവിൻപുറം സ്വദേശികളായ ജിത്തു (28), സെൽവരാജ് (58) എന്നിവരെ വിളപ്പിൽശാല പോലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലം എഴുകോൺ സ്വദേശി അനുരാജ് (20) ആണ് മർദനത്തിനിരയായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അനുരാജും കാവിൻപുറം സ്വദേശിനിയായ 18 കാരിയായ യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുവതിയെ വീട്ടിൽ നിന്ന് കാണാതായി. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം എഴുകോണിൽ ഇവർ ഉള്ളതായി വിവരം ലഭിച്ചു. പോലീസിന്റെ നിർദേശപ്രകാരം അനുരാജ് കഴിഞ്ഞ ദിവസം വിളപ്പിൽശാല സ്റ്റേഷനിൽ ഹാജരായി.

തുടർന്ന് യുവതിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തുകയും യുവതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ അനുരാജിനെ കണ്ട യുവതിയുടെ ബന്ധുക്കൾ വിളപ്പിൽശാല സ്റ്റേഷന് സമീപത്ത് വെച്ച് ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. അടിയേറ്റ് അനുരാജിന്റെ പല്ലുകൾ ഇളകിപ്പോയി. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments