banner

റേഡിയോ കോളർ നിരീക്ഷണം പാളി!!, വനംവകുപ്പിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി; കാട്ടാന ജനവാസമേഖലയായ കമ്പം പട്ടണത്തിൽ വിലസുന്നു


കമ്പം : കേരള വനംവകുപ്പിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അരിക്കൊമ്പൻ കാട്ടാന കമ്പം ടൗണിൽ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ അരിക്കൊമ്പൻ ഇപ്പോൾ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. നിരവധി വാഹനങ്ങൾ തകർത്തു. ഒരിക്കലും ദേശീയപാത അരിക്കൊമ്പൻ മുറിച്ചു കടക്കില്ലെന്നും ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നും കേരള വനംവകുപ്പ് വീമ്പിളക്കിയിരുന്നു. ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ വിലസുന്നത്. വനത്തിലേക്ക് തുരത്താൻ കേരള, തമിഴ്‌നാട് വനം വകുപ്പ് അധികൃതർ കിണഞ്ഞ് പരിശ്രമിക്കുകയാണെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് റേഡിയോ കോളർ ഘടിപ്പിച്ചത്. എന്നാൽ റേഡിയോ കോളർ നിരീക്ഷണത്തിന്റെ ശാസ്ത്രീയതക്ക് നേരെയാണ് ഇപ്പോൾ അരിക്കൊമ്പൻ ചോദ്യ ചിഹ്നമുയർത്തുന്നത്. റേഡിയോ കോളർ സിഗ്നലുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

തീർത്തും കാർഷിക നഗരമായ കമ്പത്ത് കാട്ടാന ഇറങ്ങുന്നത് കർഷകരുടെ പ്രതിഷേധത്തിന് കാരണമായേക്കാം. വലിയ രീതിയിൽ കൃഷിനാശത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് കർഷകർ. അതേസമയം കമ്പം നഗരത്തിൽ അരിക്കൊമ്പൻ നിരവധി ഓട്ടോറിക്ഷകൾ തകർത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെയാണ് കമ്പത്ത് കാട്ടാനയെത്തിയത് എന്നാണ് നിഗമനം. കാട്ടിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ തമിഴ്‌നാട് വനം വകുപ്പ് കാട്ടാനയെ മയക്ക് വെടി വച്ചേക്കും. മയക്ക് വെടി സംഘം അടക്കമുള്ള സംവിധാനങ്ങൾ തമിഴ്‌നാട് വനംവകുപ്പ് കമ്പത്ത് ഒരുക്കിയിട്ടുണ്ട്. കമ്പം നഗരത്തിൽ ഇത്തരത്തിൽ കാട്ടാനയിറങ്ങുന്നത് ഇത് ആദ്യമാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ ഇപ്പോൾ കേരളാ വനംവകുപ്പിന്റെ പഴിക്കുകയാണ്. ആനയെ കാടുകയറ്റാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്

Post a Comment

0 Comments