banner

നെഞ്ചിലും വയറ്റിലും കത്തി കുത്തിയിറക്കി; കൊലപ്പെടുത്തിയത് മൃഗീയമായി, പതിനാറുകാരിയുടെ മരണത്തിൽ പ്രതിക്ക് ജീവപര്യന്തം

മലപ്പുറം : പതിനാറുകാരിയെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഹുസൈന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം കൂടാതെ 1.1 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.കൊല്ലപ്പെട്ട പതിനാറുകാരി സമീന ഖാത്തൂന്റെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി.2018 സെപ്റ്റംബര്‍ 28ന് തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്ത് പെൺകുട്ടി കുടുംബ സമേതം വാടകക്ക് താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട പെൺക്കുട്ടിയുടെ വീട്ടിൽ തന്നെയാണ് പ്രതി താമസിച്ച് ജോലി ചെയ്തിരുന്നത്. കൂലിയിനത്തിൽ കുടിശികയായ 12,000 രൂപ പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് കിട്ടിയില്ലെന്നു മാത്രമല്ല, പെൺകുട്ടിയുടെ മാതാവിനോട് പ്രതി ആവശ്യപ്പെട്ട 500 രൂപയും ലഭിക്കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവ്, 50000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 2 വർഷത്തെ അധിക തടവ്, തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് പത്ത് വർഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 1 വർഷം തടവ്, ആയുധം കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ചതിന് 2 വർഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 6 മാസം തടവ്, തടഞ്ഞു വെച്ചതിന് ഒരു മാസം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും.

Post a Comment

0 Comments