അഷ്ടമുടി : രാജ്യത്തിൻ്റെ ഉന്നതമായ പദവികളിലേക്ക് നിഹാല ഷെരീഫ് വരും നാളുകളിൽ കടക്കുമ്പോൾ അഷ്ടമുടിക്കും അഭിമാനിക്കാം. കഴിഞ്ഞ ദിവസം പുറത്തു വന്ന സിവിൽ സർവ്വീസ് പരീക്ഷാ ഫലത്തിൽ 706-ാം റാങ്ക് നേടി വിജയിച്ച കൊട്ടാരക്കര സ്വദേശിനി നിഹാല ഷെരീഫിൻ്റെ മാതാവിൻ്റെ കുടുംബം അഷ്ടമുടിയിലാണ്. അഷ്ടമുടി കണ്ണമത്ത് പുത്തൻ വീട്ടിൽ പരേതനായ അസനാരു കുഞ്ഞിൻ്റെ മകൾ സജിതയാണ് നിഹാലയുടെ മാതാവ്. തലച്ചിറ സ്വദേശിയും റിട്ടയേർഡ് എ.ഇ.ഓയുമായ ഷെരീഫ് പിതാവാണ്. ഇതോടെ നിഹാലയുടെ വിജയം അഷ്ടമുടിക്കും മധുരമായിരിക്കുകയാണ്.
പരിഹാസങ്ങളെയും അവഗണനകളെയും അതിജീവിച്ചാണ് താൻ സിവിൽ സർവ്വീസ് നേടിയെടുത്തതെന്ന് നിഹാല പറയുന്നു. 'ആ സമയത്ത് പലരും ചോദിച്ചു. കല്യാണം നോക്കിയാൽ പോരെ, ഇതൊക്കെ നമുക്ക് നേടിയെടുക്കാനാകുമോ അല്ലെങ്കിൽ ചെറിയ ഏതെങ്കിലും ജോലി നോക്കൂ, പി.എസ്.സി എഴുതൂ എന്നൊക്കെ പലരും പറഞ്ഞു പക്ഷെ ഞാൻ എന്നിൽ തന്നെ വിശ്വസിച്ചു മുന്നോട്ടു പോകുകയായിരുന്നു' - നിഹാല ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
രണ്ട് തവണ നേരിട്ട തോൽവിക്കവസാനമായാണ് തനിക്ക് ഇത്തവണ സന്തോഷത്തിൻ്റെ വിജയ മധുരം നുകരാനായതെന്ന് അവർ പറയുന്നു. മാതാപിതാക്കളുടെയും നമ്മുക്കൊപ്പമുള്ളവരുടെയും പിന്തുണയുണ്ടെങ്കിൽ ഏതൊരു പരീക്ഷണങ്ങളെയും എളുപ്പത്തിൽ നമുക്ക് വിജയിക്കാനാകുമെന്ന് നിഹാല വ്യക്തമാക്കുന്നു. തന്നിൽ വന്നു പോയ പിഴവുകളെ അതിജീവിച്ച് ഐ.എ.എസ് എന്ന ലക്ഷ്യത്തിലേക്ക് നടന്നു കയറുന്നതിനായി വീണ്ടും പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകാൻ ഒരുങ്ങുകയാണ് നിഹാല. വിജയവഴിയിൽ നിഹാലയ്ക്ക് എല്ലാവിധ ആശംസകളും നമുക്ക് നേരാം.

0 Comments