banner

ചോദ്യം ചെയ്യലിൽ പെണ്‍കുട്ടി വനിതാ പൊലീസുകാരോട് വെളിപ്പെടുത്തിയത് പീഡന കഥ!, ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന്, ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് പണയംവയ്ക്കുകയും വില്‍ക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട്, വയനാട് ബത്തേരി ബീനാച്ചി സ്വദേശി താഹിര്‍, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ആഷിന്‍ എന്നിവരാണ് പിടിയിലായത്. വീട്ടില്‍ നിന്നും രണ്ട് മോതിരവും ഒരു മാലയും കാണാനില്ലെന്ന് പറഞ്ഞ് ദമ്പതികള്‍ മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാൻ എത്തിയപ്പോഴാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവിലുള്ള തട്ടിപ്പും പൊലീസ് പുറത്തു കൊണ്ടുവന്നത്. സംശയം തോന്നിയ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്ന്, സ്വര്‍ണാഭരണങ്ങള്‍ യുവാവ് തട്ടിയെടുത്തതായി പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിൽ പെണ്‍കുട്ടി വനിതാ പൊലീസുകാരൂടെ മുന്നില്‍ പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.സ്‌കൂള്‍ സമയം കഴിഞ്ഞ് എറണാകുളം അബ്ദുള്‍ കലാം മാര്‍ഗില്‍ സ്ഥിരമായി എത്തുന്ന പെണ്‍കുട്ടിയെ താഹിര്‍ പരിചയപ്പെടുകയും ഇന്‍സ്റ്റഗ്രാം ഐഡി വാങ്ങുകയും പിന്നീട് പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ പ്രണയകുരുക്കില്‍ വീഴ്ത്തുകയുമായിരുന്നു. നേരത്തെ തന്നെ, നാട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചിരുന്നു. തന്റെ പേര് വിഷ്ണു എന്നാണ് താഹിര്‍ പെണ്‍കുട്ടിയെ പറഞ്ഞുവിശ്വസിപ്പിച്ചത്.

പ്രണയത്തിലായ പെണ്‍കുട്ടിയെ താഹിര്‍ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്, പീഡനവിവരം പുറത്തറിയിക്കുമെന്ന് പറഞ്ഞ് തന്റെ കൂട്ടാളിയായ ആഷിനുമൊന്നിച്ച് പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ ഓരോന്നായി തട്ടിയെടുക്കുകയായിരുന്നു. ആഭരണങ്ങള്‍ വിറ്റതും പണയം വച്ചതും ആഷിന്‍ ആയിരുന്നു. ഒളിവില്‍ പോയ താഹിര്‍ വയനാട്ടിലെ വീട്ടില്‍ നിന്നുമാണ് പിടിയിലായത്. സ്റ്റേഷനിലെത്തിച്ച് താഹിറിനെ ചോദ്യം ചെയ്തപ്പോഴാണ് ആഷിന്‍ കൊച്ചിയിലുണ്ടെന്ന് മനസിലാക്കിയത്. അത്യാവശ്യമായി കാണണമെന്ന് താഹിര്‍ ആഷിനെ ഫോണ്‍ വിളിച്ചറിയച്ചതനുസരിച്ച് ഹൈക്കോര്‍ട്ട് ഭാഗത്തെത്തിയപ്പോള്‍ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ആഭരണം വിറ്റുകിട്ടിയ പണം കൊണ്ട് പ്രതികള്‍ മയക്കുമരുന്നുകള്‍ ഉള്‍പ്പടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും ആര്‍ഭാട ജീവിതം നയിക്കുകയുമായിരുന്നു.


Post a Comment

0 Comments