തൃക്കരുവ : മാസങ്ങളായി സ്ഥിര വില്ലേജ് ഓഫീസർ ഇല്ലാതിരുന്ന തൃക്കരുവയിൽ സേവനവകാശ നിയമം പാടേ ലംഘിക്കപ്പെട്ടതായി ബി.ജെ.പി. ആകെ മൂന്ന് ഉദ്യോഗസ്ഥർ മാത്രമാണ് തൃക്കരുവ വില്ലേജ് ഓഫീസിലുള്ളത്. ഇവർ വിചാരിച്ചാൽ ശരിയായി പരിഹരിക്കാവുന്ന വിഷയങ്ങൾ വരെയും താൽക്കാലിക വില്ലേജ് ഓഫീസർ എത്തുന്നത് വരെ പിടിച്ചു വയ്ക്കുകയാണ് ഉദ്യോഗസ്ഥർ. പ്രതിഷേധമെത്തിയതോടെ രാവിലെ മുതൽ മണിക്കൂറുകളായി കാത്തു നില്ക്കുന്നവരുടെയെല്ലാം പ്രശ്നങ്ങൾ മിനിറ്റുകൾക്കുള്ളിൽ പരിഹാരമായി.
ബാക്കിയുള്ളവർക്ക് ബി.ജെ.പി പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ എത്തിച്ചേർന്ന് തൃക്കരുവയിൽ ചാർജ്ജുള്ള പനയം വില്ലേജ് ഓഫീസറും പരിഹാരം കണ്ടെത്തി. മുഴുവൻ വിഷയങ്ങളിലും പരിഹാരം കണ്ടെത്തിയ ശേഷമാണ് ഉദ്യോഗസ്ഥരെ ഓഫീസ് വിടാൻ ബി.ജെ.പി പ്രവർത്തകർ അനുവദിച്ചത്.
മാസങ്ങളായി തൃക്കരുവയിലെ വില്ലേജ് ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നും വില്ലേജ് ഓഫീസ് ഒരു നാഥനില്ലാ കളരിയായെന്നും ബി.ജെ.പി ഏരിയ പ്രസിഡൻ്റ് അജയൻ മകരവിളക്ക് ആരോപിച്ചു. വില്ലേജ് ഓഫീസറിൻ്റെ ആവശ്യമില്ലെന്നും എല്ലാം ഓൺലൈൻ വഴിയാണെന്നുമാണ് ഉദ്യോഗഭാഷ്യം. ഇതോടെ, എല്ലാം ഓൺലൈൻ വഴിയാണെങ്കിൽ ഇങ്ങനൊരു ഓഫീസ് എന്തിനാണെന്നും പൂട്ടി പോകാനും യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് ഗോകുൽ കരുവ പ്രതിഷേധ സ്വരത്തിൽ ആവശ്യപ്പെട്ടു. പിന്നാലെ ധൃതിപ്പെട്ട് നാലു മണിയോടെ എല്ലാ വിഷയങ്ങളിലും ഉദ്യോഗസ്ഥർ പരിഹാരം കാണുകയായിരുന്നു.
പ്രതിഷേധത്തിന് പിന്നാലെ മണിക്കൂറുകളായി കാത്തു നില്ക്കുന്നവരുടെയെല്ലാം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഉദ്യോഗസ്ഥൻ - ഫോട്ടോ: അഷ്ടമുടി ലൈവ്
വിഷയം തഹസീൽദാരെ ബി.ജെ.പി പ്രവർത്തകർ നേരിട്ടു വിളിച്ചറിയിച്ചെങ്കിലും ഇടപെടൽ വൈകിയതോടെ തൃക്കരുവയിൽ ചാർജ്ജുള്ള പനയം വില്ലേജ് ഓഫീസറെ പ്രവർത്തകർ പ്രതിഷേധമറിയിക്കുകയായിരുന്നു. പിന്നാലെ നാലരയോടെ എത്തിയ വില്ലേജ് ഓഫീസറുമായി ഏറെ നേരം വിഷയത്തിൽ ബി.ജെ.പി പ്രവർത്തകർ ചർച്ച നടത്തി. കുറേ നാളായി വില്ലേജ് ഓഫീസറെ നിയമിച്ചിട്ടെന്നും അദ്ദേഹം എത്തിച്ചേരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവർത്തകർ ഉപരോധിക്കുന്നു. ഫോട്ടോ: അഷ്ടമുടി ലൈവ്
ബി.ജെ.പി തൃക്കരുവ ഏരിയ ജനറൽ സെക്രട്ടറി സജീഷ് പ്രാക്കുളം, തൃക്കടവൂർ മണ്ഡലം സെക്രട്ടറി ഗോകുൽ കരുവ, വാർഡ് മെമ്പർ സുജിത്ത് അഷ്ടമുടി, കാഞ്ഞാവെളി ബൂത്ത് പ്രസിഡന്റ് വിജയൻ, സമിതിയഗം നയനാർ, രാജപ്പൻ, ജ്യോതി ബസു, യുവമോർച്ച പ്രവർത്തകരായ ശ്യാം ലാൽ വേളിക്കാട്, ശ്രീക്കുട്ടൻ, നിഖിൽ, അനന്തൻ, അമ്പാടി, അഭിജിത്ത്, വിഷ്ണു, ആകാശ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.





0 Comments