banner

'ഏക സിവിൽ കോഡ് മൗലികവകാശ ലംഘനം'; കേന്ദ്രസർക്കാർ പിന്മാറണമെന്ന് പാളയം ഇമാം

തിരുവനന്തപുരം : ഏക സിവിൽ കോഡ് ഭരണഘടനയ്ക്കെതിരെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ഇത് മൗലികവകാശമായ ആർട്ടിക്കിൾ 25 ന്റെ നിഷേധമാണെന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും ഇമാം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഏക സിവിൽ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കുമെന്ന് മുസ്ലിം ലീഗും മുസ്ലിം വ്യക്തി നിയമ ബോർഡും പ്രതിപക്ഷ പാർട്ടികളും പ്രതികരിച്ചിരുന്നു. മധ്യപ്രദേശിൽ നടന്ന പരിപാടിയിലാണ് ഏകീക‍ൃത സിവിൽ കോ‍ഡ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതാണെന്നും സുപ്രീം കോടതി അത് നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞത്.

മണിപ്പൂർ കലാപത്തെക്കുറിച്ചും ഇമാം പ്രതികരിച്ചു. മണിപ്പൂരിലെ ജനങ്ങൾക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച ഇമാം കേന്ദ്രം നടപ്പാക്കാൻ ശ്രമിക്കുന്നത് ധ്രൂവീകരണ രാഷ്ടീയമാണെന്നും അഭിപ്രായപ്പെട്ടു. ഈ കലാപം ഗോത്ര വർഗ സംഘർഷങ്ങളുടെ തുടർച്ചയല്ല, ഇതിൽ വിഭജനത്തിന്റെ അജണ്ടയുണ്ടെന്നും ഇമാം പറഞ്ഞു.

ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക സംഘടനകളുടെയും കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. മുസ്ലിം സംഘടനകളിൽ സുന്നി- മുജാഹിദ് ഭേദമില്ലാതെ ഒന്നിച്ചു നീങ്ങാൻ ധാരണയായിട്ടുണ്ട്. യോജിച്ച പോരാട്ടത്തിന് ലീഗും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏക സിവിൽ കോഡ് പ്രശ്നം തന്നെയാണെന്ന് കുഞ്ഞാലിക്കുട്ടി ഇന്നും പ്രതികരിച്ചു. മതസ്വാതന്ത്ര്യം നൽകില്ല എന്നതാണ് പ്രധാന ആശങ്ക. ഏക സിവിൽ കോഡ് നടപ്പിലാക്കാൻ അനുവദിക്കില്ല. എല്ലാവരും ഒരുമിച്ച് തടയും. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കപ്പെടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Post a Comment

0 Comments