കണ്ണൂർ : സിപിഐഎം നേതാവ് രണ്ടരക്കോടി രൂപ കൈതോല പായയിൽ പൊതിഞ്ഞ് കടത്തിയെന്ന ജി ശക്തിധരന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് ഇ പി ജയരാജൻ. ശക്തിധരൻ ദേശാഭിമാനിയെയോ, പാർട്ടിയെയോ കുറ്റപ്പെടുത്തിയിട്ടില്ല. നേതാവ് ആരാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ചെയ്തിരിക്കുന്ന കുറ്റങ്ങളെ മറച്ചുവെക്കാനാണ് സുധാകരനും സതീശനും ശക്തിധരന്റെ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.
എന്നാൽ കെ സുധാകരൻ ചെയ്തത് ഗുരുതര തെറ്റാണ്. കെപിസിസി സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. സുധാകരനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നുണ്ട്. അപകടകരമായ അഴിമതിയാണ് നടന്നത്. അഴിമതിയെ ന്യായീകരിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ നടക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സുധാകരന്റെ അഴിമതിയെ ന്യായികരിച്ചാൽ അവർക്കുള്ള മതിപ്പ് നഷ്ടപ്പെടും. സുധാകരനെ സംരക്ഷിക്കാൻ എഐസിസിയും കെപിസിസിയും പുറപ്പെട്ടാൽ വലിയ തിരിച്ചടിയുണ്ടാകും. സുധാകരനും സതീശനും, ചെയ്ത കാര്യങ്ങളെ മറച്ചു പിടിക്കുന്നുവെന്നും ജയരാജൻ കുറ്റപ്പെടുത്തി.
മണിപ്പൂരിലെ കലാപം ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ആസൂത്രിതനീക്കമാണെന്നും ജയരാജൻ പറഞ്ഞു. മതപരമായ ചേരിതിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപി ഗവൺമെന്റ് അക്രമം തടയാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആർഎസ്എസും ബിജെപിയും സ്പോൺസർ ചെയ്ത കലാപമാണ്. ബിജെപി വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത് അപകടകരമാണ്.
വർഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ് ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് ബിജെപി നിർബന്ധം പിടിക്കുന്നത്. അയോധ്യയിലെ ബാബരി പള്ളി തകർത്തത് പോലെയുള്ള പദ്ധതിയെടുത്താൽ ഇന്ത്യയുണ്ടാകില്ല. സാഹചര്യങ്ങളും വസ്തുതകളും പാംപ്ലാനി പിതാവിനെ മാറ്റി ചിന്തിപ്പിച്ചു. റബർ വിഷയത്തിൽ പാംപ്ലാനി ബിജെപി അനുകൂല പ്രസ്താവന നടത്തിയെങ്കിലും ഇപ്പോൾ അഭിപ്രായം തിരുത്തേണ്ടി വന്നുവെന്നും ജയരാജൻ.
.jpg)
0 Comments