banner

ആസാദിനെതിരായ വെടിയാക്രമണം!, പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ, നാലുപേർ അറസ്റ്റിൽ

ലഖ്‌നൗ : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ വെടിയുതിർത്ത സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്താൻ ഉപയോഗിച്ച കാറും സഹറൻപൂർ പൊലീസ് കണ്ടെടുത്തു.

ഇന്നലെ സഹറന്‍പൂരില്‍ അനുയായികളോടൊപ്പം ചന്ദ്രശേഖർ ആസാദ് ടൊയോട്ട ഫോര്‍ച്യൂണറില്‍ സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. ഹരിയാന ലൈസൻസ് പ്ലേറ്റുളള വെള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാറിൽ എത്തിയ അക്രമികൾ ആസാദിന്റെ വാഹനത്തിന് പിന്നിൽ നിന്ന് ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു.

ആദ്യത്തെ ബുള്ളറ്റ് കാറിന്റെ വാതിലിലൂടെ തുളച്ചു കയറി ചന്ദ്രശേഖര്‍ ആസാദിന്റെ അരക്കെട്ടില്‍ ഉരസി പരിക്കേല്‍ക്കുകയായിരുന്നു. ഈ ബുള്ളറ്റ് വാഹനത്തിന്റെ സീറ്റിലാണ് തറച്ചത്. രണ്ടാമത്തെ ബുള്ളറ്റ് കാറിന്റെ പിന്‍വാതിലില്‍ തട്ടി തലനാരിഴ വ്യത്യാസത്തില്‍ കടന്നുപോയി.

പരിക്കേറ്റ ചന്ദ്രശേഖർ ആസാദിനെ ഉടൻ ദേവ്ബന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം നാളെ അദ്ദേഹം ആശുപത്രി വിട്ടേക്കും. ആസാദിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം പൊലീസ് സുപ്രണ്ടും പ്രതികരിച്ചു.

സംഭവത്തിൽ നിരവധി രാഷ്ട്രീയ നേതാക്കൾ അപലപിച്ചെത്തിയിട്ടുണ്ട്. 'യുപിയില്‍ ഇപ്പോള്‍ ജംഗിൾ രാജാണ് നടക്കുന്നത്', എന്നാണ് യുപി പ്രതിപക്ഷ നേതാവും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പ്രതികരിച്ചത്. ആസാദിനെതിരായി നടന്ന ആക്രമണം സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കൾക്കെതിരായ ആക്രമണത്തിന്റെ ഭാഗമാണെന്ന് സമാജ്വാദി പാർട്ടി നേതാവ് ശിവ്പാൽ സിംഗ് യാദവ് അഭിപ്രായപ്പെട്ടു. ആസാദിന് നേരെ നടന്ന കൊലപാതക ശ്രമത്തിൽ അപലപിക്കുന്നു എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

Post a Comment

0 Comments