banner

വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല!, ആര്‍ഷോയ്ക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍ : എസ് എഫ് ഐ നേതാവ് പി എം ആര്‍ഷോയുമായി ബന്ധപ്പെട്ടുയര്‍ന്ന മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും, കെ വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍ഷോ നല്‍കിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും രണ്ട് കേസും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യക്കെതിരായ കേസില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് ആര്‍ഷോക്കെതിരെ വലിയ ഗൂഢാലോചന നടന്നു. അതിന് പിന്നില്‍ ആരാണെങ്കിലും പുറത്തു കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ക്ക് ലിസ്റ്റ് വിവാദം എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു നേരത്തെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. മാര്‍ക് ലിസ്റ്റ് പ്രശ്‌നത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിരപരാധിയാണെന്ന് വിലയിരുത്തിയ സെക്രട്ടറിയേറ്റ്, ഇക്കാര്യത്തില്‍ ആര്‍ഷോ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും എന്നാല്‍ കെ വിദ്യക്കെതിരെ ഉയര്‍ന്ന വ്യാജരേഖാ ആരോപണം ഗുരുതരമാണെന്നുമുള്ള നിഗമനത്തിലേക്കാണ് എത്തിയത്.

അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കെ വിദ്യയുടെ കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടിയിലെ വീട്ടില്‍ അഗളി പൊലീസ് പരിശോധന നടത്തി. ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ രേഖകള്‍ ഒന്നും കണ്ടെത്താനായില്ല. അഗളി എസ് എച്ച് ഒ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പൂട്ടിയിട്ട വിദ്യയുടെ വീട് ബന്ധുവെത്തിയാണ് പരിശോധനയ്ക്കായി തുറന്നു കൊടുത്തത്. വിദ്യ ഇപ്പോഴും ഒളിവിലാണ്. കണ്ടെത്താനുള്ള സൂചനകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിദ്യയുടെ വീട്ടില്‍ രാവിലെ നീലേശ്വരം പൊലീസും പരിശോധനക്കെത്തിയിരുന്നു. എന്നാല്‍ വീട് അടച്ചിട്ടതിനാല്‍ സംഘം തിരിച്ചു പോകുകയായിരുന്നു.

Post a Comment

0 Comments