banner

ആര്‍ഷോയുടെ പരാതിയിൽ ഇടപെട്ട് ക്രൈംബ്രാഞ്ച്!, മഹാരാജാസ് പ്രിന്‍സിപ്പലിനെ ചോദ്യംചെയ്തു

എറണാകുളം : പി.എം.ആര്‍ഷോയുടെ പരാതിയിലെ ഗൂഢാലോചന കേസില്‍ മഹാരാജാസ് പ്രിന്‍സിപ്പല്‍ വി.എസ്. ജോയിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തു. വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പ്രിന്‍സിപ്പല്‍ മൊഴി നല്‍കി. കേസില്‍ രണ്ടാം പ്രതിയാണ് പ്രിന്‍സിപ്പല്‍. സാങ്കേതിക പിഴവാണെന്നതിന്റെ തെളിവുകള്‍ കൈമാറിയെന്ന് വി.എസ്.ജോയ് പറഞ്ഞു.

വിവാദത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി കൊച്ചി കമ്മിഷണര്‍ക്കു കൈമാറിയിരുന്നു. അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചാണ് കൊച്ചി കമ്മിഷണര്‍ക്ക് ഡിജിപി പരാതി കൈമാറിയത്.

മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ലെങ്കിലും ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിരുന്നതാണ് വിവാദമായത്. ആദ്യം ആര്‍ഷോയെ തള്ളിപ്പറഞ്ഞ കോളജ് അധികൃതര്‍ പിന്നീട്, സാങ്കേതിക തടസ്സം മാത്രമാണെന്നു വ്യക്തമാക്കിയിരുന്നു

എറണാകുളം ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മൂന്നാം സെമന്ററിലെ ഒരു പരീക്ഷയും താന്‍ എഴുതിയിട്ടില്ലെന്നാണ് ആര്‍ഷോയുടെ വാദം. പ്രചരിക്കുന്ന മാര്‍ക്ക് ലിസ്റ്റില്‍ പറയുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമല്ല താന്‍ പഠിച്ചതെന്നും അത് 2021 ബാച്ചിന്റെ ഫലമാണെന്നും ആര്‍ഷോ വ്യക്തമാക്കിയിരുന്നു. 2022 ബാച്ചിലാണ് പഠിച്ചത്. ചിലരുടെ ഇടപെടലിന്റെ ഭാഗമായാണ് മാര്‍ക്ക് ലിസ്റ്റ് പ്രചരിച്ചതെന്നും ആര്‍ഷോ വ്യക്തമാക്കിയിരുന്നു.

അതേസമയം, എഴുതാത്ത പരീക്ഷ ‘വിജയിച്ച’ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന പി.എം.ആര്‍ഷോയുടെ വാദം മഹാരാജാസ് കോളജ് ഗവേണിങ് കൗണ്‍സില്‍ തള്ളിയിരുന്നു. സോഫ്റ്റ്വെയര്‍ തകരാര്‍ മൂലമാണ് ആര്‍ഷോയുടെ പേരു പട്ടികയിലുള്‍പ്പെട്ടത്. ഇതുപോലെ വേറെയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തകരാര്‍ പരിഹരിക്കാന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് (എന്‍ഐസി) ആവശ്യപ്പെട്ടുവെന്നും ചെയര്‍മാന്‍ എന്‍.രമാകാന്തന്‍ പറഞ്ഞു.

Post a Comment

0 Comments